കാർബൺ സൗണ്ട് ഗൺ
ന്യൂഡൽഹി: ഈ വർഷത്തെ ദീപാവലിക്ക് ഇറങ്ങിയ സ്പെഷൽ കരിമരുന്ന് ഇനമായിരുന്നു ‘കാർബൈഡ് ഗൺ’. കാൽസ്യം കാർബൈഡ് വെടിമരുന്നായി ഉപയോഗിച്ചുള്ള കാർബൈഡ് തോക്ക് പ്രയോഗിച്ച നൂറിലധികം പേർക്കാണ് കാഴ്ച നഷ്ടമായത്. യു.പി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലാണ് വൻഅപകടം നടന്നത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും കുട്ടികളാണ്.
ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്കായുള്ള കരിമരുന്ന് ഇനങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ഒന്നായിരുന്നു ‘കാർബൈഡ് തോക്കു’കൾ. സാമൂഹിക മാധ്യമങ്ങളിലെല്ലാം ‘കരിവെടി’ പ്രയോഗത്തിന്റെ വിഡിയോകൾ വൈറലായിരുന്നു. ഏറെ അപകടം നിറഞ്ഞ ഈ തോക്കിന്റെ ഉപയോഗം മധ്യപ്രദേശിലും മറ്റും നിയന്ത്രിച്ചിരുന്നെങ്കിലും വിൽപന തകൃതിയായി നടന്നു.
150 രൂപക്കുപോലും തോക്ക് സുലഭമായി ലഭിച്ചു. ഒരു കളിപ്പാട്ടമെന്നപോലെ ഉപയോഗിക്കാമെങ്കിലും, കാൽസ്യം കാർബൈഡ് സ്ഫോടനം ഫലത്തിൽ ഒരു ചെറുബോംബ് പോലെയാകും. അപകടം തിരിച്ചറിയാതെയാണ് പലരും ഇതുപയോഗിചത്. യു.പിയിൽ മാത്രം 51 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ 122 കുട്ടികളെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ 14 പേർക്ക് കാഴ്ച പോയി. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ 50ൽ അധികം പേർ വീതം ചികിത്സതേടിയതായാണ് റിപ്പോർട്ട്. അനധികൃതമായി ‘കരിവെടി’ വിൽപന നടത്തിയ ഏതാനും പേരെ ഇവിടങ്ങളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.