​'ഇന്ത്യൻ ജനാധിപത്യം ഒരു അസംബന്ധ നാടകമായി മാറി'; വിമത തൃണമൂൽ എം.പിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കപിൽ സിബൽ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ (എൻ.സി.പി.ഐ) ലയിക്കാൻ നീക്കം നടത്തുന്ന വിമത എം.പിമാർക്കെതിരെ മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ. ജനപ്രതിനിധികൾക്ക് നിയമപരമായി സ്വന്തം നിലയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സിബൽ, വിമതരെ അടിയന്തരമായി അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടു.

തൃണമൂൽ കോൺഗ്രസിനുള്ളിൽ വിമത നീക്കം ശക്തമാവുകയും, വിമത ലോക്സഭാംഗങ്ങൾ ഭരണകക്ഷിയായ എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കപിൽ സിബലിന്റെ പ്രതികരണം. 'ടി.എം.സി വിമതർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കാൻ പോകുന്നു. ഇന്ത്യൻ ജനാധിപത്യം ഒരു 'അസംബന്ധ നാടകമായി'മാറിയിരിക്കുകയാണ്. ഇതൊരു തമാശയാണ്! ഒരു നിയമസഭാ കക്ഷിയിലെ വിമതർക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കാൻ കഴിയില്ല. മാതൃപാർട്ടിയായ ടി.എം.സി ഔദ്യോഗികമായി തീരുമാനിച്ചാൽ മാത്രമേ ലയനം സാധ്യമാകൂ. ഇവരെ അയോഗ്യരാക്കുക!'- കപിൽ സിബൽ ആവശ്യപ്പെട്ടു.


നേരത്തെ, തൃണമൂൽ വിമത എം.പി കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള സംഘം ന്യൂഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് സഭയിൽ തങ്ങൾക്ക് പ്രത്യേക സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം എം.പിമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

അതേസമയം വിമത നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതൃത്വം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിൽ യാതൊരുവിധത്തിലുള്ള പ്രത്യേക ഗ്രൂപ്പുകൾക്കും അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സ്പീക്കർക്ക് കത്തയച്ചു. തൃണമൂൽ കോൺഗ്രസ് എന്നത് വിഭജിക്കാനാകാത്ത ഒറ്റ രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് അഭിഷേക് ബാനർജി കത്തിൽ ചൂണ്ടിക്കാട്ടി.

"ലോക്സഭയിലെ പാർലമെന്ററി പാർട്ടി രൂപപ്പെടുന്നത് മാതൃപാർട്ടിയിൽ നിന്നാണ്. നിയമപരമായി ഒരൊറ്റ എ.ഐ.ടി.സി മാത്രമേയുള്ളൂ. ഒരു പാർട്ടി നേതാവും ഒരു വിപ്പും മാത്രമേ സഭയിലുള്ളൂ. എം.പിമാർക്ക് സ്വന്തം ഇഷ്ടപ്രകാരം പാർട്ടിനുള്ളിൽ സമാന്തര ഗ്രൂപ്പുകൾ ഉണ്ടാക്കാനോ സഭയിൽ പ്രത്യേക അംഗീകാരം അവകാശപ്പെടാനോ നിയമപരമായ അധികാരമില്ല," അഭിഷേക് ബാനർജി കത്തിൽ വ്യക്തമാക്കി. 

Tags:    
News Summary - Kapil Sibal calls for disqualification of rebel TMC MPs over proposed merger with Nationalist Citizens Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.