കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലിംകൾക്ക് ഒരു പ്രതിബന്ധവും പ്രയാസവുമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വളരെ സന്തുഷ്ടനാണെന്നും ഇംഗ്ലീഷ് ചാനലായ ‘ന്യൂസ് 18’ന് നൽകിയ അഭിമുഖത്തിൽ കാന്തപുരം പറഞ്ഞു. ഭാരതത്തിൽ മുസ്ലിംകൾ സുരക്ഷിതരല്ലെന്ന് ചിലർ പറയുന്നുണ്ടെന്നും ഇന്ത്യയിൽ മുസ്ലിംകൾ സുരക്ഷിതരാണെന്ന് താങ്കൾ ലോകത്തോട് പറയുമോയെന്നും അവതാരകൻ ചോദിച്ചപ്പോഴാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. മദ്റസകളും അറബിക് കോളജുകളും പള്ളികളുമെല്ലാം നടക്കുന്നുണ്ടെന്നും ഒരുതരത്തിലുള്ള പ്രതിബന്ധങ്ങളും പ്രശ്നങ്ങളും അതിനില്ലെന്നും കാന്തപുരം വിശദീകരിച്ചു.
വികസിത ഭാരതത്തിനുവേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടേത് നല്ല പ്രതികരണമായിരുന്നു. മുസൽമാെനന്നോ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ നോക്കാതെ വിദ്യാഭ്യാസ മേഖലയിൽ തങ്ങൾ നടത്തുന്ന പ്രവർത്തനത്തെക്കുറിച്ച് മോദിയോട് സംസാരിച്ചെന്നും കാന്തപുരം തുടർന്നു.
ബംഗ്ലാദേശിൽ നടക്കുന്ന കാര്യങ്ങളിൽ ഇന്ത്യൻ മുസ്ലിംകളിൽ വല്ല പ്രതിഫലനവുമുണ്ടാക്കുമോയെന്ന ചോദ്യത്തിന്, അവിടുത്തെ കാര്യങ്ങൾ തനിക്കറിയില്ലെന്ന് കാന്തപുരം മറുപടി നൽകി. ലോകത്ത് സമാധാനത്തിനായി ചെയ്യാനുള്ളത് ചെയ്യണം. ഇറാൻ-യു.എസ് സംഘർഷം അവസാനിപ്പിക്കണം. എല്ലാ മനുഷ്യരും മനുഷ്യത്വത്തെ ഏറ്റവും മുകളിൽവെച്ച് മറ്റെല്ലാം അതിന് താഴെയാണെന്ന് മനസ്സിലാക്കണമെന്നും കാന്തപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.