വിവാദങ്ങൾ നിറഞ്ഞ പ്രസ്താവനകളാൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് കങ്കണ റണാവുത്ത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള എം.പി കൂടിയാണ് അവരിപ്പോൾ. എം.പിയായെങ്കിലും വിവാദ പ്രസ്താവനകൾക്ക് കുറവു വരുത്താറില്ല കങ്കണ. ഇപ്പോൾ തനിക്ക് രാഷ്ട്രീയ ജീവിതം ഒട്ടും ആസ്വദിക്കാൻ പറ്റുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കങ്കണ.
''പൊതുജനങ്ങളെ സേവിക്കാനുള്ള അവസരം തന്നിലേക്ക് സ്വാഭാവികമായി വന്നുചേരുകയായിരുന്നില്ലെന്നാണ് അവർ ആത്മനിർഭർ ഭാരത് പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിൽ അവർ തുറന്നു പറഞ്ഞത്.
എനിക്കത് മനസിലാകുന്നുണ്ട്. രാഷ്ട്രീയ ജീവിതം ആസ്വദിക്കുന്നുണ്ടെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. വളരെ വ്യത്യസ്തമായ ഒരു ജോലിയാണ് അത്. സാമൂഹിക സേവനം പോലെ ഒന്ന്. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വന്നയാളല്ല ഞാൻ. എപ്പോഴെങ്കിലും ഒരിക്കൽ ജനങ്ങളെ സേവിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല''-കങ്കണ പറയുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ചരിത്രമുണ്ടായിട്ടും താൻ ഒരു രാഷ്ട്രീയക്കാരന്റെ ദൈനംദിന പ്രതീക്ഷകളുമായി മുന്നോട്ട് പോകുന്നത് ആശ്ചര്യകരമാണെന്നും അവർ സമ്മതിച്ചു.
''സ്ക്രീകളുടെ അവകാശങ്ങൾക്കായി ഞാൻ പോരാടിയിട്ടുണ്ട്. പക്ഷേ അത് തികച്ചും വ്യത്യസ്തമായിരുന്നു.
ഞാനിന്നൊരു എം.പിയാണ്. പഞ്ചായത്ത് തലത്തിൽ പരിഹരിക്കാൻ കഴിയുന്ന ഒരുപാട് പ്രശ്നങ്ങളുമായാണ് ആളുകൾ എന്നെ കാണാൻ വരുന്നത്. അവർ ഒന്നും ശ്രദ്ധിക്കുന്നില്ല. അവർ നിങ്ങളെയാണ് കാണുന്നതെങ്കിൽ, ഒരുപക്ഷേ തകർന്ന റോഡുകളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പറഞ്ഞ് അടുത്തുവരും. ഞാനവരോട് പറയും അതെല്ലാം സംസ്ഥാന സർക്കാറിനോടാണ് പറയേണ്ടത്. അവരാണ് അത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. അപ്പോൾ അവർ പറയും. നിങ്ങളുടെ അടുത്ത് പണമുണ്ട്. നിങ്ങളുടെ സ്വന്തം പണമുപയോഗിച്ച് ഇതൊക്കെ ശരിയാക്കി തന്നാൽ മതിയെന്ന്''-കങ്കണ പറയുന്നു.
ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു മറുപടി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള യോഗ്യത തനിക്കുണ്ടെന്ന് കരുതുന്നില്ല. അങ്ങനെയൊരു അഭിനിവേശവും തനിക്കില്ലെന്നും അവർ വ്യക്തമാക്കി.
സാമൂഹിക സേവനമായിരുന്നില്ല ഒരിക്കലും പശ്ചാത്തലം. വളരെ സ്വാർഥതയുള്ള തരത്തിലുള്ള ജീവിതമാണ് നയിച്ചിരുന്നത്. എനിക്ക് വലിയ വീട് വേണമായിരുന്നു. വലിയ കാർ വേണമായിരുന്നു. ഡയമണ്ടുകൾ വേണമായിരുന്നു. കാണാൻ നന്നായി ഇരിക്കണമായിരുന്നു. അങ്ങനെയുള്ള ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്''-കങ്കണ തുടർന്നു.
എന്തു ലക്ഷ്യത്തിനായാണ് ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നറിയില്ല.
എന്നാൽ എന്റെ ജീവിതത്തെ മഹത്തായ ത്യാഗമായി കാണുന്നുമില്ല. അത്തരമൊരു ജീവിതം എനിക്ക് ഇഷ്ടമേയല്ല. അത് ആരിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല.-കങ്കണ കൂട്ടിച്ചേർത്തു.
തന്റെ മണ്ഡലത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വൈകിയതിൽ കങ്കണക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. അതിന് പിന്നാലെയാണ് പോഡ്കാസ്റ്റ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.