ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ തന്നെക്കുറിച്ചുള്ള പരാമർശത്തിൽ പ്രതികരിച്ച് നടി കങ്കണറണാവത്ത്. ചാറ്റിൽ കങ്കണക്ക് 'ഇറോട്ടോ മാനിയ' ആണെന്നാണ് അർണബ് പറഞ്ഞത്. ബോളിവുഡ് നടൻ ഹൃതിക് റോഷനുമായുള്ള കങ്കണയുടെ തർക്കങ്ങൾ നടക്കുന്ന സമയത്തെ ചാറ്റുകളിലാണ് കങ്കണയും കടന്നുവരുന്നത്. 'കങ്കണ പരിധിവിടുകയാണെന്നും' 'ആളുകൾക്ക് അവളെ പേടിയാണെന്നും' അർണബ് വാട്സാപ്പിൽ കുറിച്ചിരുന്നു. ഗോസിപ്പുകാർക്ക് നാണമില്ലേയെന്നാണ് കങ്കണ ചോദിക്കുന്നത്.
ആരുടെയെങ്കിലും ചോർന്ന സ്വകാര്യ ചാറ്റുകൾ വായിച്ച് അത് പ്രചരിപ്പിക്കുന്നത് ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. 'ഇന്നുവരെ ആരുടെയെങ്കിലും ചോർന്ന സ്വകാര്യ ചാറ്റുകൾ, കത്തുകൾ, മെയിലുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കാണാൻ ഞാൻ ധൈര്യപ്പെട്ടിട്ടില്ല. ഇത് ധാർമ്മിക മൂല്യങ്ങൾ, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. ലിബറലുകൾക്ക് ഇത് മനസ്സിലാകില്ല'-കങ്കണ ട്വിറ്ററിൽ കുറിച്ചു.
'നിങ്ങൾക്ക് കൂടുതൽ ഗോസിപ്പ് വേണോ? എന്തുകൊണ്ടാണ് ഹൃതിക് ഇത് പറഞ്ഞത്, എന്തുകൊണ്ടാണ് ബന്ധം തകർന്നത്, ഹൃതിക് ചങ്ങാതിയായ ശേഷം അർണബ് എന്‍റെ സുഹൃത്തായത് എങ്ങനെ? ഈ ലിബറലുകളും ഗോസിപ്പ് പ്രചാരകരും രാജ്യത്തിന്‍റെ അന്തരീക്ഷം നശിപ്പിച്ചു. മറ്റുള്ളവരുടെ ചാറ്റുകളും ഇമെയിലുകളും വായിക്കുന്നത് നിർത്തുക'-മറ്റൊരു ട്വീറ്റിൽ അവർ കുറിച്ചു. കങ്കണക്ക് ഇറോട്ടോമാനിയ ആണെന്നാണ് അർണബ് ചാറ്റുകളിൽ പറഞ്ഞത്.
ഒരു വ്യക്തി തന്നെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയും അയാൾ അത് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇറോട്ടോ മാനിയ. ചിലപ്പോൾ നാം ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തിയായിരിക്കും നമ്മെ സ്നേഹിക്കുന്നതായി നാം വിശ്വസിച്ചിരിക്കുക. അത് ചിലപ്പോൾ രാഷ്ട്രീയക്കാരനെയോ നടനെയോ പോലെ പ്രശസ്തരായിരിക്കാം. രോഗം ബാധിച്ചയാൾ ഒരു പ്രത്യേക വ്യക്തിയുമായി ഒരു ബന്ധത്തിലാണെന്ന് സ്വയം കരുതുന്നു. അതേപറ്റി അയാൾക്ക് വളരെ ഉറപ്പുണ്ടായിരിക്കുകയും ചെയ്യും. അങ്ങിനെയല്ല എന്ന് തെളിയിക്കുന്ന വസ്തുതകൾ രോഗി ഒരിക്കലും അംഗീകരിക്കുകയുമില്ല. വളരെ അപൂർവ്വമായി കാണപ്പെടുന്ന രോഗമാണിത്. സ്കീസോഫ്രീനിയ അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ പോലുള്ള മറ്റ് മാനസിക പ്രശ്നങ്ങളുമായി ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആഴ്ചകളോ വർഷങ്ങളോ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.