മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ ഗെഹ് ലോട്ടും മുഖ്യമന്ത്രിമാരാകും

ന്യൂഡൽഹി: കോൺഗ്രസ് മികച്ച വിജയം നേടിയ രാജസ്ഥാനിൽ മുതിർന്ന നേതാവ് അശോക് ഗെഹ് ലോട്ടും മധ്യപ്രദേശിൽ കമൽനാഥും മു ഖ്യമന്ത്രിമാരാകുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി വർക്കിങ് കമ്മിറ്റിയംഗം എ.കെ. ആന്‍റണ ി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, അശോക് ഗെഹ് ലോട്ട്, സചിൻ പൈലറ്റ് എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.

രണ്ടു തവണ മുഖ്യമന്ത്രിയായ 67കാരൻ അശോക് ഗെഹ് ലോട്ടിന്‍റെ ഭരണപരിചയത്തിലൂടെ സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കൂടാതെ, 41കാരനായ സചിൻ പൈലറ്റിനെ രാജസ്ഥാൻ പി.സി.സി അധ്യക്ഷ പദവിയിൽ നിലനിർത്തി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് രാഹുലിന്‍റെ മറ്റൊരു തന്ത്രം. പി.സി.സി അധ്യക്ഷനായ ശേഷം സചിൻ പൈലറ്റ് രാജസ്ഥാനിലുടനീളം അഞ്ച് ലക്ഷത്തോളം കിലോമീറ്റർ സഞ്ചരിച്ച് ജനങ്ങളുമായി ഇടപഴകിയാണ് പാർട്ടിയെ തെരഞ്ഞെടുപ്പിനായി ശക്തിപ്പെടുത്തിയത്.

മധ്യപ്രദേശിൽ പി.സി.സി അധ്യക്ഷൻ കമൽനാഥ് മുഖ്യമന്ത്രിയാകുമ്പോൾ ജ്യോതിരാധിത്യ സിന്ധ്യ ഉപമുഖ്യമന്ത്രി പദവിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. പാർലമെന്‍ററി പാർട്ടിയിലെ എം.എൽ.എമാരിൽ ഭൂരിപക്ഷവും 72കാരനായ കമൽനാഥിനെ പിന്തുണച്ചെന്നാണ് വിവരം. 47കാരനായ സിന്ധ്യക്ക് പ്രധാന പദവി തന്നെ നൽകി സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് രാഹുലിന്‍റെ നീക്കം.

ഛത്തിസ്ഗഢിൽ പി.സി.സി അധ്യക്ഷൻ ഭൂപേഷ് ഭാഗൽ മുഖമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - kamal nath Ashok Gehlot -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.