കമൽ ഹാസനും വിജയും

വിജയ്‌യും ടി.വി.കെയുമല്ല, രാഷ്ട്രീയ എതിരാളി ജാതീയത; പോരാട്ടം വ്യക്തികൾക്ക് എതിരല്ലെന്ന് കമൽഹാസൻ

കൊച്ചി: നടൻ വിജയ് തന്റെ രാഷ്ട്രീയ ശത്രുവല്ലെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസൻ. രാഷ്ട്രീയത്തിലെ തന്റെ പോരാട്ടം വ്യക്തികൾക്കോ ​​വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) പോലുള്ള പുതിയ പാർട്ടികൾക്കോ ​​എതിരല്ലെന്ന് കമൽഹാസൻ പറഞ്ഞു. മനോരമ ഹോർത്തൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2026ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന രാഷ്ട്രീയ എതിരാളിയായി കാണുന്നത് ആരെയാണെന്ന ചോദ്യത്തിന് വ്യവസ്ഥാപരമായ പ്രശ്‌നങ്ങളെ നേരിടുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമൽ ഹാസൻ മറുപടി പറഞ്ഞു. 'മിക്ക പാർട്ടികളും തിരിച്ചറിയാൻ ധൈര്യപ്പെടുന്നതിനേക്കാൾ വലുതാണ് എന്റെ ശത്രു. എന്റെ നേരിട്ടുള്ള ശത്രു ജാതീയതയാണ്. ജാതീയത വളരെ വളരെ അക്രമാസക്തമാണ്' -അദ്ദേഹം പറഞ്ഞു.

കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യവും (എം.എൻ.എം) വിജയ്‌യുടെ ടി.വി.കെയും തമ്മിലുള്ള താരതമ്യം അനാവശ്യവും അകാലവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിജയ്ക്ക് രാഷ്ട്രീയ മാർഗനിർദ്ദേശം നൽകുമോ എന്ന് ചോദിച്ചപ്പോൾ അതിന് തയാറല്ലെന്ന് കമൽഹാസൻ വ്യക്തമാക്കി. 'എനിക്ക് ഉപദേശം നൽകാൻ കഴിയില്ല. ശരിയായ സമയത്ത് എനിക്ക് ലഭിച്ചിട്ടില്ലാത്തതിനാൽ ഞാൻ ഒരിക്കലും ഉപദേശങ്ങൾ സ്വീകരിച്ചിട്ടില്ല. ഒരുപക്ഷേ എന്റെ സഹോദരനെ ഉപദേശിക്കാൻ ഇത് ശരിയായ സമയമായിരിക്കില്ല. അനുഭവം ആരെക്കാളും മികച്ച ഒരു അധ്യാപകനാണ്' -കമൽഹാസൻ പറഞ്ഞു.

അതേസമയം, ഹോർത്തൂസിന്‍റെ വേദിയിൽ കമല്‍ഹാസനൊപ്പം മഞ്ജു വാര്യരും ഉണ്ടായിരുന്നു. കേരളം എന്ന് മഞ്ജു വാര്യരെ ശ്രദ്ധിച്ച് തുടങ്ങിയോ അന്ന് താനും ശ്രദ്ധിച്ച് തുടങ്ങിയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കേരളം ശ്രദ്ധിക്കുന്നതെല്ലാം താനും ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എപ്പോഴും കേരളത്തിന്റെ ഒരു പ്രേക്ഷകനാണ്. അങ്ങനെ കണ്ടതാണ് മഞ്ജുവിനെയും. ‘ഇതാരാണ്’ എന്ന് ചോദിക്കുന്നതാണ് ഒരു കലാകരനെ കുറിച്ച് കേള്‍ക്കാവുന്ന ഏറ്റവും മികച്ച ചോദ്യം. മലയാളികള്‍ മഞ്ജുവിനെ ശ്രദ്ധിച്ച് തുടങ്ങിയത് മുതല്‍ ഞാനും മഞ്ജുവിനെ ശ്രദ്ധിക്കുന്നുണ്ട്. മഞ്ജുവിന് തമിഴ് വായിക്കാനും എഴുതാനും അറിയാം. പക്ഷേ എനിക്ക് മലയാളം വായിക്കാനറിയില്ല’ -കമല്‍ഹാസന്‍ പറഞ്ഞു.   

Tags:    
News Summary - Kamal Haasan calls casteism his enemy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.