അർണവ് ഖൈർ

ഭാഷയുടെ പേരിൽ ആക്രമണം: യുവാവ് ജീവനൊടുക്കി

മഹാരാഷ്ട്ര: കല്യാണിൽ ഭാഷാ തർക്കത്തിന്റെ പേരിൽ നടന്ന ആക്രമത്തെ തുടർന്ന് 19 കാരൻ ജീവനൊടുക്കി. ഒന്നാം വർഷ കോളജ് വിദ്യാർഥി അർണവ് ഖൈറാണ് മരിച്ചത്. മറാത്തിക്ക് പകരം ഹിന്ദി സംസാരിക്കുന്നതിനെ കുറിച്ച് ട്രെയിനിലുണ്ടായ തർക്കത്തിനിടെ ഒരു കൂട്ടം ആളുകൾ മർദിച്ചതിനെ തുടർന്നുണ്ടയ മാനസിക സമർദം മൂലമാണ് അർണവ് ജീവനൊടുക്കിയതെന്ന് അർണവിന്റെ പിതാവ് ജിതേന്ദ്ര ഖൈർ ആരോപിച്ചു. ഇയാളുടെ പരാതിയെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ജിതേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കല്യാൺ റെയിൽവേ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അർണവിനെ ആക്രമിച്ചവരെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മാതാപിതാക്കൾക്കും ഇളയ സഹോദരനോടുമൊപ്പം കല്യാണിലാണ് അർണവ് താമസിച്ചിരുന്നത്. നവംബർ 18 ന് ലോക്കൽ ട്രെയിനിൽ കോളജിലേക്ക് പോകുമ്പോഴാണ് തർക്കം നടന്നതെന്ന് ആരോപിക്കപ്പെടുന്നു.

തിരക്ക് കാരണം കൂടെയുണ്ടായിരുന്ന യാത്രക്കാരോട് അർണവ് ഹിന്ദിയിൽ തള്ളരുതെന്ന് പറഞ്ഞതാണ് പ്രശ്നത്തിന് കാരണം. തുടർന്ന് കൂടെയുണ്ടായിരുന്ന സംഘം മറാത്തി സംസാരിക്കാത്തതിന് അർണവിനെ വഴക്ക് പറഞ്ഞു. താനും മറാത്തിയാണെന്ന് അർണവ് മറുപടി നൽകിയപ്പോർ സംഘം കൂടുതൽ ദേഷ്യപ്പെടുകയും നിനക്ക് മറാത്തി സംസാരിക്കാൻ നാണക്കേട് തോന്നുന്നുണ്ടോ എന്ന് ചോദിച്ച് ശാരീരികമായി ആക്രമിക്കാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ അർണവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ട്രെയിനിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങളും ചാറ്റുകളും പരിശോധിക്കുന്നതിനായി അർണവിന്റെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഭാഷയുടെ പേരിൽ ആളുകൾ മർദിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗണിക്കുകയാണെന്നും തെളിയിക്കപ്പെട്ടുകഴിഞ്ഞാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Kalyan teen dies by suicide, father alleges train assault over language dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.