രാജിവെച്ച് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ജയിക്കൂ... തൃണമൂൽ വിമത എം.പിമാരെ വെല്ലുവിളിച്ച് കല്യാൺ ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധിക്കിടെ വിമതർക്കെതിരെ രൂക്ഷ പ്രതികരണവുമായി എം.പി കല്യാൺ ബാനർജി. വിമത എം.പിമാരായി നിന്ന് സീറ്റുകൾ നിലനിർത്തുന്നതിന് പകരം രാജിവെച്ച് ബി.ജെ.പി ടിക്കറ്റിൽ തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു കല്യാൺ ബാനർജിയു​ടെ വെല്ലുവിളി. തൃണമൂലിലെ വിമത വിഭാഗം ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു കല്യാൺ ബാനർജിയുടെ പ്രതികരണം.

ആർജി കർ ആശുപത്രി വിവാദത്തിൽ വിമത എം.പിമാരായ ഷർമിള സർക്കാരിനെയും കകോലി ഘോഷ് ദസ്തിദാറിനെയും കല്യാൺ ബാനർജി രൂക്ഷമായി വിമർശിച്ചു. പാർട്ടി പ്രവർത്തകർക്കൊപ്പം നിൽക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും ബാനർജി കുറ്റപ്പെടുത്തി. ‘ഷർമിള സർക്കാർ എത്ര തവണ ടി.എം.സി പ്രവർത്തകർക്കൊപ്പം നിലകൊണ്ടിട്ടുണ്ട്? ആർജി കർ പ്രശ്നമുണ്ടായപ്പോൾ ഷർമിള സർക്കാറും കകോലി ഘോഷും എവിടെയായിരുന്നു? അതിൽ സംസാരിച്ചത് ഞാനായിരുന്നു’ -കല്യാൺ ബാനർജി പറഞ്ഞു. ഒരു ഡോക്ടറായ ഷർമിള സർക്കാർ വിവാദ സമയത്ത് മൗനം പാലിച്ചതിലൂടെ തന്റെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വിമത എം.പിമാർ മമത ബാനർജിക്ക് പകരം പ്രധാനമന്ത്രി ​നരേ​ന്ദ്രമോദിയെ അവരുടെ നേതാവാക്കിയെന്നും കല്യാൺ ബാനർജി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

വിമത നേതാവായ കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ ഏകദേശം 20 തൃണമൂൽ എം.പിമാർ ലോക്സഭാ സ്പീക്കർക്ക് കത്തയച്ച് എൻ.ഡി.എയെ പിന്തുണക്കാനുള്ള തീരുമാനം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ബി.ജെ.പിയിൽ ചേരാതെ എൻ.ഡി.എക്ക് പിന്തുണ നൽകാനാണ് ഇവരുടെ നീക്കമെന്നാണ് സൂചന.

അതിനിടെ മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലെത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാർട്ടിയുടെ 28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇപ്പോൾ തൃണമൂൽ നേരിടുന്നത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ ആദ്യമായി ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് തൃണമൂലിൽ പ്രതിസന്ധി രൂക്ഷമായത്. 

Tags:    
News Summary - Kalyan Banerjee dares TMC rebels to quit face voters again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.