കലിഖോ പുലിന്‍െറ ആത്മഹത്യ കുറിപ്പ് അന്വേഷണത്തിന് പൊതുതാല്‍പര്യ ഹരജി

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ കൈക്കൂലി ആരോപണങ്ങളുള്ള മുന്‍ അരുണാചല്‍ മുഖ്യമന്ത്രി കലിഖോ പുലിന്‍െറ ആത്മഹത്യാകുറിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. എന്നാല്‍, ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് തള്ളി. 

ഭരണതലത്തിലുള്ള നടപടിക്കായി പുലിന്‍െറ ഭാര്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പുതിയകത്ത് എഴുതിയതിന് പിറകെയാണ് കോടതിയിലെ സ്ഥിരം വ്യവഹാരിയായ അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ സ്വന്തം നിലക്ക് ഹരജിയുമായി രംഗത്തുവന്നത്. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിമാര്‍ കൈക്കൂലി ചോദിച്ചതിലും ഭര്‍ത്താവിന്‍െറ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഭാര്യ ദാംഗ്വിംസയ് പിന്‍വലിച്ചിരുന്നു. 

കത്ത് പൊതുതാല്‍പര്യ ഹരജിയാക്കി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ തുറന്ന കോടതിക്ക് വിട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് പുലിന്‍െറ ഭാര്യക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കത്ത് പിന്‍വലിക്കാന്‍ അനുമതിതേടിയത്. ഈ കേസ് വാദം കേള്‍ക്കാനെടുക്കുകയും തുടര്‍ന്ന് വാദം കഴിഞ്ഞ് തള്ളുകയും ചെയ്താല്‍ പിന്നീട് തങ്ങള്‍ക്കുമുന്നിലുള്ള നിയമത്തിന്‍െറ എല്ലാ വഴികളും അടയുമെന്ന് ദവെ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരിഗണിച്ച ബെഞ്ചിനെക്കുറിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ച ദവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സഹാറ ബിര്‍ള ഡയറി കേസിന്‍െറ കാര്യവും പരാമര്‍ശിച്ചു. 
തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ കൈക്കൂലി ആരോപണങ്ങളുള്ള പുലിന്‍െറ ആത്മഹത്യാകുറിപ്പ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ദാംഗ്വിംസയ് ഉപരാഷ്ട്രപതിയെ കണ്ടു. 
പുലിന്‍െറ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിക്കാത്ത സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നാണ് ഭാര്യയുടെ ആവശ്യം. അതിനുശേഷം ഭാര്യ സുപ്രീംകോടതിക്ക് വീണ്ടുമൊരു കത്തെഴുതിയിരിക്കുകയാണ്.

Tags:    
News Summary - Kalikho Pul, CM Of Arunachal Pradesh,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.