ന്യൂഡൽഹി: നശിപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ച ഫോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിത. തുടർച്ചയായി രണ്ടാം ദിനവും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പുറപ്പെടുമ്പോഴാണ് കെ. കവിത മാധ്യമങ്ങൾക്ക് മുന്നിൽ ഒരു കവറിൽ ഫോണുകൾ കാണിച്ചത്. ഇത് ഇ.ഡിക്ക് മുമ്പാകെ നൽകാൻ പോകുന്ന തെളിവാണെന്നും പറഞ്ഞായിരുന്നു ഫോണുകൾ കാണിച്ചത്.
നേരത്തെ, കെ. കവിത 10 ഫോണുകൾ നശിപ്പിച്ച് തെളിവുകൾ ഇല്ലാതാക്കിയെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഫോണുകൾ നശിപ്പിച്ചത് സംബന്ധിച്ച് ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.
മൂന്നാം ഘട്ട ചോദ്യം ചെയ്യലിനായാണ് കവിത ഇ.ഡിക്ക് മുമ്പാകെ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇറങ്ങുമ്പോഴാണ് ഫോണുകൾ ഉൾപ്പെട്ട കവർ ഇവർ മാധ്യമങ്ങൾക്ക് നേരെ വീശി കാണിച്ചത്.
തിങ്കളാഴ്ച കവിതയെ 10 മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം മാർച്ച് 11നാണ് കവിതയെ ചോദ്യം ചെയ്തത്. പിന്നീട് മാർച്ച് 16ന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു.
എന്നാൽ കവിത ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ ഹരജി നൽകിയതിനാലായിരുന്നു ഹാജരാകാതിരുന്നത്. ഹരജി സുപ്രീം കോടതി മാർച്ച് 24 ന് കേൾക്കാനിരിക്കെ, മാർച്ച് 20 ന് വീണ്ടും ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.