കോൺഗ്രസിനെതിരായ പരാമർശം; ചന്ദ്രശേഖർ റാവുവിന് പ്രചാരണ വിലക്ക്

ഹൈദരാബാദ്: കോൺഗ്രസ് പാർട്ടിക്കെതിരെ മോശം പരാമർശം നടത്തിയ ബി.ആർ.എസ് അധ്യക്ഷനും മുൻ തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവിന് പ്രചാരണവിലക്ക്. 48 മണിക്കൂർ പ്രചാരണവിലക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ ഏ​ർപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രശേഖർ റാവു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കമീഷൻ നിരീക്ഷിച്ചു. ഇന്ന് രാത്രി എട്ട് മണിക്ക് ചന്ദ്രശേഖർ റാവുവിന്റെ വിലക്ക് നിലവിൽ വരും.

കോൺഗ്രസ് നേതാവ് ജി.നിരഞ്ജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തത്. അപകീർത്തികരവും ആക്ഷേപകരവുമായ പരാമർശങ്ങളാണ് ചന്ദ്രശേഖർ റാവു കോൺഗ്രസ് പാർട്ടിക്കെതിരെ നടത്തിയതെന്ന് നിരഞ്ജൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഏപ്രിൽ അഞ്ചിന് സിർസിലയിലെ വാർത്തസമ്മേളനത്തിൽ വെച്ച് ചന്ദ്രശേഖർ റാവു നടത്തിയ പരാമർശങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കമീഷൻ അറിയിച്ചു. ഭരണഘടനയിലെ 324ാം വകുപ്പ് പ്രകാരം പൊതുയോഗങ്ങൾ, റാലികൾ എന്നിവയിൽ പ​ങ്കെടുക്കുന്നതിനും ഇലക്ട്രോണിക്, പ്രിന്റ്, സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്നതിനും ചന്ദ്രശേഖർ റാവുവിനെ വിലക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകരെ പട്ടികളോട് ഉപമിച്ച് ചന്ദ്രശേഖർ റാവു വാർത്തസമ്മേളനത്തിൽ നടത്തിയ പരാമർശമാണ് വിവാദമായത്.

നേരത്തെ കോൺഗ്രസ് നേതാവിന്റെ പരാതി ലഭിച്ചയുടൻ തെരഞ്ഞെടുപ്പ് കമീഷൻ ചന്ദ്രശേഖർ റാവുവിൽ നിന്ന് വിശദീകരണം തേടി നോട്ടീസയച്ചിരുന്നു. തന്റെ വാർത്താസമ്മേളനത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ അടർത്തിയെടുത്ത് കോൺഗ്രസ് ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ചന്ദ്രശേഖർ റാവുവിന്റെ വിശദീകരണം. കമീഷൻ തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസറിൽ നിന്നും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ​കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലക്ക് ശേഷം ഈ ലോക്സഭ തെരഞ്ഞെടുപ്പിനിടെ വിലക്ക് കിട്ടുന്ന നേതാവാണ് ച​ന്ദ്രശേഖർ റാവു.

Tags:    
News Summary - K Chandrashekar Rao barred by Election Commission from campaigning for 48 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.