ജ്യോതി ജഗ്താപ്


ഭീ​മ കൊ​റേ​ഗാ​വ് കേസ്: ജ്യോതി ജഗ്‌താപിന് ഇ​ട​ക്കാ​ല ജാ​മ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ യു.എ.പി.എ ചുമത്തി ജയിലിൽ കഴിഞ്ഞിരുന്ന സാംസ്കാരിക പ്രവർത്തക ജ്യോ​തി ജ​ഗ്‌​താ​പി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. ഇ​തോ​ടെ, അവരുടെ ജ​യി​ൽ മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി. കേ​സി​ന്‍റെ വാ​ദം കേ​ൾ​ക്ക​ൽ ന​ട​ക്കു​ന്ന 2026 ഫെ​ബ്രു​വ​രി വ​രെ​യാ​ണ് ജാ​മ്യം. ജ​സ്റ്റി​സ് എം.​എം സു​ന്ദ​രേ​ശും ജ​സ്റ്റി​സ് സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ​യും അ​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

ജ്യോ​തി ജ​ഗ്‌​താ​പ് അ​ഞ്ച് വ​ർ​ഷ​മാ​യി ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് അ​വ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക അ​പ​ർ​ണ ഭ​ട്ട് ബോ​ധി​പ്പി​ച്ചു.ഇ​തേ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മ​ഹേ​ഷ് റൗ​ത്തി​ന് ഇ​തേ ബെ​ഞ്ച് ഈ​യി​ടെ ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 2018ൽ ​അ​റ​സ്റ്റി​ലാ​യ ഇ​ദ്ദേ​ഹ​ത്തി​ന്റെ ജാ​മ്യ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി.​യു സി​ങ്ങി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം അ​ടു​ത്ത വാ​ദം കേ​ൾ​ക്ക​ൽ വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

പു​ണെ​യി​ലെ ഭീ​മ കൊ​റേ​ഗാ​വി​ൽ ദ​ലി​ത് മ​ഹാ​സം​ഗ​മ​ത്തി​നെ​ത്തി​യ​വ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച​വ​ർ​ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) ക​ലാ​പ​ക്കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു. ഭീ​മ കൊ​റേ​ഗാ​വ് പോ​രാ​ട്ട​ത്തി​ന്‍റെ 200-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​ക​ളെ തു​ട​ർ​ന്നാ​ണ് ഉ​ന്ന​ത ജാ​തി​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതികളിലൊരാളായിരുന്ന ജഗ്താപിനെ 2020 സെപ്റ്റംബര്‍ എട്ടിനാണ് ദേശീയ അന്വേഷണ ഏജന്‍സി (എൻ.ഐ.​എ) അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബര്‍ ഒമ്പതിന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2022 ഫെബ്രുവരി 14ന് പ്രത്യേക എൻ.ഐ.എ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് അവര്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ 2022 ഒക്ടോബറില്‍ ബോംബെ ഹൈകോടതി ഹരജി തള്ളി. ഇതിന് പിന്നാലെയാണ്, ജ്യോതി ജഗ്താപ് സുപ്രിംകോടതിയെ സമീപിച്ചത്.

2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷം നടന്നതിന്റെ തലേദിവസം നടന്ന എൽഗാർ പരിഷത്ത് പരിപാടിക്ക് കലാപവുമായി ബന്ധമുണ്ടെന്നാണ് പോലിസിന്റെ ആരോപണം. പരിപാടിയുടെ സംഘാടകരെന്ന് ചൂണ്ടിക്കാട്ടിയാണ് ജ്യോതി ജഗ്താപ് ഉള്‍പ്പെടെയുള്ളവരെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്. എൽഗാർ പരിഷത്തിന് സി.പി.ഐ-മാവോയിസ്റ്റിൽ നിന്ന് ഫണ്ട് ലഭിച്ചതായും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാസ്കാരിക കൂട്ടായ്മയായ കബീർ കലാ മഞ്ചിലെ (കെ.കെ.എം) ഗായികയും കലാകാരിയുമായിരുന്നു ജ്യോതി ജഗ്താപ്.

Tags:    
News Summary - Jyoti Jagtap granted interim bail by apex court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.