ന്യൂഡൽഹി: ജസ്റ്റിസ് ബി.വി. നാഗരത്ന സുപ്രീംകോടതി കൊളീജിയം അംഗമാകും. ജസ്റ്റിസ് അഭയ് എസ്. ഓക വിരമിച്ച ഒഴിവിലാണ് സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ബി.വി. നാഗരത്ന കൊളീജിയം അംഗമാകുന്നത്. 2027 ഒക്ടോബർ 29ന് വിരമിക്കുന്നതുവരെ ഇവർ കൊളീജിയത്തിൽ തുടരും. നിലവിൽ സുപ്രീം കോടതിയിലെ മുതിർന്ന അഞ്ചാമത്തെ ജഡ്ജിയാണ്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാരുൾപ്പെടുന്നതാണ് കൊളീജിയം.
2021ൽ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് നാഗരത്ന 2027 സെപ്റ്റംബർ 24ന് ഇന്ത്യയുടെ 55ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വനിതയാകും ജസ്റ്റിസ് നാഗരത്ന. സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും സ്ഥലംമാറ്റത്തിലും സുപ്രീംകോടതി കൊളീജിയമാണ് തീരുമാനമെടുക്കുക. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ. ചീഫ് ജസ്റ്റിസായി ബി.ആർ. ഗവായി ചുമതലയേറ്റശേഷമുള്ള ആദ്യ കൊളീജിയം യോഗം തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.