രാജസ്ഥാൻ പൊലീസ് വേട്ടയാടുന്നതായി പശുഗുണ്ടകൾ കൊന്ന ജുനൈദി​ന്റെയും നാസിറിന്റെയും ബന്ധുക്കൾ; ഒരു കുടുംബാംഗം അറസ്റ്റിൽ, 13 പേർക്കെതിരെ കേസ്

ഭരത്പൂർ: രാജസ്ഥാൻ പൊലീസ് കള്ളക്കേസ് ചുമത്തി തങ്ങളെ വേട്ടയാടുന്നതായി ഹിന്ദുത്വ തീവ്രവാദികൾ പശുവിന്റെ പേരിൽ ക്രൂരമായി കൊലപ്പെടുത്തിയ മുസ്‍ലിം യുവാക്കളുടെ കുടുംബാംഗങ്ങൾ. കൊല്ലപ്പെട്ട ഭരത്പൂർ ജില്ലയിലെ ഘാത്മിക സ്വദേശികളായ ജുനൈദ്, നസീർ എന്നിവരുടെ കുടുംബത്തെയാണ് പൊലീസ് കള്ളക്കേസിൽ കുടുക്കിയതെന്ന് മക്തൂബ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ​​കൊല്ലപ്പെട്ടവർക്ക് നീതികിട്ടാൻ കേസ് നടത്തുന്ന ജാബിർ എന്ന ബന്ധുവിനെ അറസ്റ്റ് ചെയ്ത പൊലീസ്, 13 കുടുംബാംഗങ്ങൾക്കെതി​രെ കേസെടുത്തു.

ജുനൈദും നസീറും കൊല്ലപ്പെട്ട് നാല് മാസം പിന്നിട്ടിട്ടും അന്വേഷണം കാര്യക്ഷമമാക്കാത്ത പൊലീസ്, മേയ് 29 നാണ് ഇരുവരുടെയും കുടുംബാംഗമായ ഹാഫിസ് ജാബിറിനെ അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും കൊലപ്പെടുത്താൻ ശ്രമിച്ചുമെന്നുമാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (കൊലപാതകശ്രമം), 147 (കലാപം), 332 (സ്വമേധയാ മുറിവേൽപ്പിക്കൽ), 353 (കൃത്യനിർവഹണം തടസ്സപ്പെടുത്തൽ), 336(മനുഷ്യ ജീവൻ അപകടത്തിലാക്കുക), പൊതു സ്വത്തുക്കൾ നശിപ്പിക്കൽ തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരം ജാബിറിനെതിരെ പഹാഡി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ജാബിറിന്റെ അറസ്റ്റ് തടയാൻ ശ്രമിച്ചുവെന്നാരോപിച്ച് പഹാഡി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ശിവ്‌ലഹ്‌രി നൽകിയ പരാതി പ്രകാരം ജാബിറിനെ കൂടാതെ 9 പുരുഷന്മാരും 4 സ്ത്രീകളും ഉൾപ്പെടെ 13 കുടുംബാംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഖുർഷുദ്, ജാഹിദ്, താഹിർ, കസം, മുഹമ്മദ്, ഖേരുന, ജൈമുന, സമീന, റഹ്മാൻ, മുബാറക്, താഹിർ, മറ്റുരണ്ടുപേർ എന്നിവർക്കെതി​രെയാണ് പൊലീസ് കേസെടുത്തത്. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

വീട്ടുകാർ രാത്രി നമസ്കരിക്കുന്ന സമയത്താണ് പൊലീസ് ജാബിറിനെ അറസ്റ്റ് ചെയ്യാനെത്തിയ​തെന്ന് ജാബിറിന്റെ അമ്മാവൻ മുഹമ്മദ് ‘മക്തൂബി’നോട് പറഞ്ഞു. ‘ജാബിറിനെ കസ്റ്റഡിയിലെടുക്കുകയാണെന്നും പിന്നീട് വിട്ടയക്കുമെന്നുമാണ് പൊലീസ് പറഞ്ഞത്. എന്നാൽ, അറസ്റ്റിൽ പ്രതിഷേധിച്ച് നീതി ആവശ്യപ്പെട്ട് ജാബിർ മൊബൈൽ ടവറിൽ കയറി. താഴെ ഇറങ്ങിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അവനെ ജയിലിലേക്ക് മാറ്റി. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി. ഇത് ക്കള്ളക്കേസും പ്രഹസനവുമാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.

"നമ്മൾ നീതിക്കും സുരക്ഷിതമായ ഭാവിക്കും വേണ്ടി പോരാടുകയാണ്. എന്നാൽ അവർ ഞങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി ഭയപ്പെടുത്താൻ ശ്രമിക്കുന്നു’ -മുഹമ്മദ് പറഞ്ഞു. കുടുംബം ഇതുവരെ നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ജാബിറിന്റെ ജാമ്യത്തിന് അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജുനൈദിന്റെയും നസീറിന്റെയും കൊലപാതകത്തിൽ നീതിതേടി രംഗത്തുവന്നവ​​രെ കള്ള​ക്കേസുകളിൽ പോലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മുഖ്തിയാർ അഹമ്മദ് ആരോപിച്ചു. പ്രക്ഷോഭകരെ നിശ്ശബ്ദമാക്കാൻ കോൺഗ്രസ് നിയമസഭാംഗമായ സാഹിദ ഖാൻ ജില്ലാ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും പൊലീസിനെയും നിയമപാലകരെയും ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജുനൈദിനും നസീറിനും നീതിതേടി രംഗത്തെത്തിയ ഘാത്മിക ഗ്രാമത്തിലെ സർപഞ്ച് അത്താവുള്ള ഖാൻ, പ്രാദേശിക പത്രപ്രവർത്തകനായ വസീം അക്രം ത്യാഗി, കാമിൽ മുംഗസ്‌ക എന്നിവരെയും വ്യാജകേസുകളിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

​കൊലക്കേസിൽ 11 പ്രതികളിൽ മൂന്ന് പേരെ മാത്രമേ ഇതുവ​രെ അറസ്റ്റ് ചെയ്തിട്ടുള്ളൂ. രാജസ്ഥാൻ സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവ​രെ പൂർണമായും കൈമാറിയിട്ടില്ല. "ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് ജാബിർ മാത്രമാണ്, ഇപ്പോൾ അവനെയും അറസ്റ്റ് ചെയ്തു’ -നസീറിന്റെ സഹോദരൻ ഹമീദ് പറഞ്ഞു.

“ഞങ്ങളുടെ രണ്ട് സഹോദരന്മാർ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇപ്പോൾ ജാബിർ ജയിലിലുമായി. സംസ്ഥാന സർക്കാർ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഞങ്ങൾക്ക് ലഭിച്ചത് 5 ലക്ഷം മാത്രമാണ്. സർക്കാർ ഞങ്ങളെ വഞ്ചിച്ചു. ഇപ്പോൾ പൊലീസ് ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്” -ഹമീദ് പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ലുബൈബ് ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ജുനൈദിന്റെയും നസീറിന്റെയും കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. വൈസ് പ്രസിഡന്റ് പി.കെ. നുജൈം, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷാരൂഖ് ഖാൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം ഇരകളുടെ കുടുംബാംഗങ്ങളെ പൊലീസ് പിടികൂടുകയും അവർക്കെതിരെ കള്ളക്കേസ് ചുമത്തുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ലുബൈബ് ബഷീർ പറഞ്ഞു. ‘കുടുംബത്തിന്റെ അത്താണിയായ ജുനൈദിന്റെയും നസീറിന്റെയും മരണം മക്കളുടെ വിദ്യാഭ്യാസത്തെയും ഉപജീവനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കുടുംബത്തിന് നീതിയും സഹായവും നൽകുന്നതിൽ രാജസ്ഥാൻ സർക്കാർ പരാജയപ്പെട്ടുവെന്നത് ആശങ്കാജനകമാണ്. ഈ വിഷയത്തിൽ ഉടൻ ഇടപെട്ട് നീതി ഉറപ്പാക്കേണ്ടത് രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവാദിത്തമാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Junaid, Nasir lynching: Rajasthan govt sends family member to jail, Govt aid yet to be granted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.