മോദിയുടെ മണ്ഡലത്തിലെ കുട്ടികളുടെ 'പുല്ലു തീറ്റ' വാർത്തയാക്കിയ മാധ്യമ പ്രവർത്തകന് നോട്ടീസ്

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ ഗ്രാമത്തിലുള്ള കുട്ടികൾ വിശപ്പ് മാറ്റാൻ പുല്ല് തിന്നെന്ന വാർത്ത പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവർത്തകന് ജില്ലാ അധികൃതരുടെ കാരണം കാണിക്കൽ നോട്ടീസ്. തെറ്റിദ്ധാരണജനകമായ വാർത്തയും ചിത്രവും നൽകിയത് സംബന്ധിച്ച മറുപടി 24 മണിക്കൂറിനകം നൽകണമെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച നോട്ടീസിലുള്ളത്. സംസ്ഥാനത്ത് അഞ്ച് എഡിഷനുകളുള്ള 'ജനസന്ദേശ് ടൈം' ന്യൂസ് എഡിറ്റർ വിജയ് വിനീത്, റിപ്പോർട്ടർ മനീഷ് മിശ്ര എന്നിവരാണ് വാർത്ത പുറത്ത് കൊണ്ടുവന്നത്.

വാരണാസി ജില്ലയിലെ ബരാഗാവ് ബ്ലോക്കിലെ കൊയ്രിപുർ ഗ്രാമത്തിലെ മുശാഹര സമുദായത്തിൽപ്പെട്ട ആറ് കുട്ടികൾ കന്നുകാലികൾക്ക് നൽകുന്ന 'അഖ് രി' എന്നറിയപ്പെടുന്ന പുല്ല് തിന്ന് വിശപ്പടക്കുന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വാർത്തയും ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വാരണാസി ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം 15 കിലോ ഭക്ഷ്യവസ്തുക്കൾ അധികൃതർ ഇവിടെ എത്തിച്ചിരുന്നു.

വാട്സാപ്പിലാണ് ആദ്യം നോട്ടീസ് കിട്ടിയതെന്ന് വിജയ് വിനീത് പറഞ്ഞു. പിന്നീട് പൊലീസ് നേരിട്ടെത്തി നോട്ടീസ് കൈമാറി.
താൻ നിയോഗിച്ച അന്വേഷണ സംഘം ഗ്രാമത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചെന്നും ഗോതമ്പ് പാടത്ത് വളരുന്ന കാട്ടുപയർ ആയ 'അഖ്രി ദാൽ' ആണ് കുട്ടികൾ തിന്നതെന്ന് കണ്ടെത്തിയെന്നും ജില്ല മജിസ്ട്രേറ്റ് കുശാൽ രാജ് ശർമ്മ നോട്ടീസിൽ ചൂണ്ടിക്കാട്ടി. മനുഷ്യന് കഴിക്കാൻ കഴിയുന്നതാണ് ഇതെന്ന് തെളിയിക്കാൻ താൻ 'അഖ്രി ദാൽ' കഴിക്കുന്ന ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ, താൻ ബനാറസ് ഹിന്ദു സർവകലാശാലയിലെ കാർഷിക വിദഗ്ധരുമായി സംസാരിച്ചെന്നും ഇത് മനുഷ്യർക്ക് കഴിക്കാൻ യോഗ്യമല്ലെന്നായിരുന്നു മറുപടിയെന്നും വിജയ് വിനീത് ചൂണ്ടിക്കാട്ടി. കന്നുകാലികൾ പോലും ഇത് അമിത അളവിൽ കഴിച്ചാൽ വയറ്റിളക്കം ഉണ്ടാകുമെന്നാണ് വിദഗ്ധർ പറഞ്ഞത്.
'ജില്ലാ മജിസ്ട്രേറ്റ് ഇതു ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. വിശ്വാസം വരുത്തുന്നതിനായി മക്കളെ കൊണ്ടും അദ്ദേഹം അത് കഴിപ്പിച്ചു. ബാലാവകാശ ലംഘനമാണത്. ഇത് സംബന്ധിച്ച് ഹൈകോടതി - സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്ക് പരാതി നൽകും ' - വിജയ് വിനീത് പറഞ്ഞു.

രാജ്യത്തെ തീർത്തും ദരിദ്രസമുദായമാണ് മുശാഹര. കൃഷിയിടങ്ങളിലും ഇഷ്ടിക പ്പാടത്തും ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഇവർ ലോക്ക്ഡൗൺ മൂലം ഇപ്പോൾ പട്ടിണിയിലാണ്. 'രണ്ട് ദിവസമായി പലരും ഭക്ഷണം കഴിച്ചിട്ട്. കോവിഡ് 19 ഭയം മൂലം കുഴൽക്കിണറിന്റെ ഹാൻഡിലിൽ തൊടാൻ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ അനുവദിക്കാത്തതിനാൽ വെള്ളം പോലും ലഭിക്കുന്നില്ല" - മുശാഹര പ്രദേശം സന്ദർശിച്ച വാരണാസിയിലെ സന്നദ്ധ സംഘടനയായ റെഡ് ബ്രിഗേഡ് ട്രസ്റ്റിന്റെ സ്ഥാപക ചെയർമാൻ അജയ് പട്ടേൽ പറയുന്നു.

Tags:    
News Summary - Journalist who wrote about grass-eating dalits in Varanasi served notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.