പി.എം ശ്രീയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ​ബ്രിട്ടാസ്; വെളിപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: പി.ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ ഇടനിലക്കാരനായി നിന്നത് ജോൺ ബ്രിട്ടാസ് എം.പിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഈ ഒരു കാര്യത്തിന് ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച ധർമേന്ദ്ര പ്രധാൻ പൂർണ സമ്മതത്തോടെയാണ് കേരളം പി.എം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെച്ചതെന്നും വ്യക്തമാക്കി.

പി.എം ശ്രീയിൽ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നതായും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പിന്നീട് എന്തണ് സംഭവിച്ചത് എന്നത് അറിയില്ല. കേരളത്തിലെ സർക്കാറിലെ ആഭ്യന്തര തർക്കങ്ങൾ മൂലം പദ്ധതിയിൽ നിന്ന് പിൻമാറുകയായിരുന്നു എന്നാണ് അറിയുന്നത്. കേരളം തന്നെയാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും ധർമേന്ദ്ര ​പ്രധാൻ കൂട്ടിച്ചേർത്തു.

കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ വാദം ജോൺ ബ്രിട്ടാസ് അംഗീകരിച്ചു. കേന്ദ്രമന്ത്രി പറഞ്ഞത് സത്യമാണ്. മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയാണ്. കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്രമന്ത്രിയുടെ അടുത്തുപോയി എന്നതിൽ സന്തോഷമേയുള്ളൂ. എന്നാൽ കരാർ ഒപ്പിടുന്നതിൽ താൻ മധ്യസ്ഥംവഹിച്ചിട്ടില്ലെന്നും ബ്രിട്ടാസ് വ്യക്തമാക്കി. 

സമഗ്ര ശിക്ഷ പദ്ധതി 2018-ൽ കേന്ദ്രവും സംസ്ഥാനവും ​60:40 ഫോർമുലയിൽ സഹകരിച്ച് തുടങ്ങിയതാണെന്നും അതിന് ശേഷമുണ്ടായ 2020-ൽ തുടങ്ങിയ ദേശീയ വിദ്യാഭ്യാസ നയവുമായും 2022-ൽ തുടങ്ങിയ പി.എം ശ്രീയുമായും ബന്ധിപ്പിച്ച് കേരളത്തിനും ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്കുമുള്ള ഫണ്ട് തടയുകയാണെന്നും ​ചോദ്യവേളയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു. 2020- 2023 വർഷം 348 കോടി അനുവദിച്ചതിൽ 178 കോടിയും 2023- 24 വർഷം 343 കോടി അനുവദിച്ചതിൽ 141 കോടിയും 2024-25 വർഷം 428 കോടി അനുവദിച്ചതിൽ വട്ടപൂജ്യവും 2025-26 വർഷം 552 കോടി രുപ അനുവദിച്ചതിൽ 92.41 കോടി രൂപയും മാത്രമാണ് കേരളത്തിന് നൽകിയതെന്ന് ബ്രിട്ടാസ് പറഞ്ഞു. 

കടുത്ത എതിർപ്പിനു പിന്നാലെയാണ് കേരളം പി.എം ശ്രീയിൽ നിന്ന് പിൻമാറിയത്. ഘടകകക്ഷിയായ സി.പി.ഐ ആണ് പി.എം ശ്രീയിൽ നിന്ന് പിൻമാറണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നത്. എന്നാൽ എതിർപ്പ് കണക്കിലെടുക്കാതെയായിരുന്നു സർക്കാർ കരാറിൽ ഒപ്പുവെച്ചത്.

സി.പി.ഐയുടെ എതിർപ്പിനു പിന്നാലെ കരാർ ധാരണാപത്രം മരവിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. 

Tags:    
News Summary - John Brittas Was Bridge Between Centre And Kerala In PM-SHRI Scheme: Dharmendra Pradhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.