ശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിന്റെ മൂന്നാം വാർഷിക ദിനത്തിൽ വ്യാപക പ്രതിഷേധവുമായി കശ്മീരി നേതാക്കൾ.
മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്തുനിന്ന് മാർച്ച് തുടങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കശ്മീരിൽ ബി.ജെ.പി നടപ്പാക്കിയ നിഗൂഢ പദ്ധതി രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നും അടിച്ചമർത്തലും ഭയംവിതക്കലും എല്ലായിടത്തുമെത്തിയെന്നും മഹ്ബൂബ ട്വിറ്ററിൽ പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ചിന് ജമ്മു-കശ്മീരിനോട് ചെയ്ത അനീതിക്കെതിരെ സമാധാനപരവും നിയമവിധേയവുമായ പോരാട്ടങ്ങൾ തുടരുമെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല ട്വിറ്ററിൽ പറഞ്ഞു.
ജമ്മു-കശ്മീർ ജനതയിൽനിന്ന് കവർന്നതെന്താണോ അത് തിരിച്ചെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സി.പി.എം നേതാവ് എം.വൈ. തരിഗാമി പറഞ്ഞു. പ്രത്യേകപദവി എടുത്തുകളഞ്ഞതോടെ ജമ്മു-കശ്മീരിൽനിന്ന് ഭീകരത ഇല്ലാതായെന്നാണ് ഇവിടെ ബി.ജെ.പി ചുമതല വഹിക്കുന്ന തരുൺ ഛഗ് പറഞ്ഞത്.
അതിനിടെ, നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയെ വീട്ടുതടങ്കലിലാക്കിയെന്ന വാർത്ത ജമ്മു-കശ്മീർ പൊലീസ് നിഷേധിച്ചു.
ഭീകരാക്രമണ സാധ്യത മുൻനിർത്തി ഗുപ്കർ റോഡിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
നേരത്തേ ഉമർ അബ്ദുല്ല ഉൾപ്പെടെയുള്ളവർ ഫാറൂഖ് അബ്ദുല്ലയെ വീട്ടുതടങ്കലിലാക്കിയെന്നു പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.