ഝാർഖണ്ഡ് നിയമസഭാ മാർച്ചിനിടെ കല്ലേറെന്ന് ആരോപണം; 300 പേർക്കെതിരെ കേസ്

റാഞ്ചി: ഝാർഖണ്ഡിൽ ജെ.പി.എസ്.സി, ജെ.എസ്.എസ്.സി പരീക്ഷ ക്രമക്കേടുകൾക്കെതിരെ നടത്തിയ നിയമസഭാ ഉപരോധ മാർച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ച് 300 ഓളം തിരിച്ചറിയപ്പെടാത്തവർക്കെതിരെ റാഞ്ചി പൊലീസ് കേസെടുത്തു. ആഗസ്റ്റ് 10ന് നടന്ന ‘വിധാൻസഭാ ഘെരാവോ’ മാർച്ചുമായി ബന്ധപ്പെട്ടാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പ്രതിഷേധ മാർച്ച് ചില സാമൂഹികവിരുദ്ധർ മുതലെടുത്ത് സ്ഥിതി വഷളാക്കാൻ ശ്രമിച്ചെന്നും പൊലീസിന് നേരെ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തെന്നുമാണ് പൊലീസ് ആരോപണം. വിദ്യാർഥികളുടെ പ്രതിഷേധ മാർച്ച് മുതലെടുത്ത് അക്രമം നടത്തിയവർക്കെതിരെയാണ് നടപടിയെന്ന് റാഞ്ചി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരു എഫ്‌.ഐ.ആർ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു.

ജെ.പി.എസ്.സി, ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷ റദ്ദാക്കുക, ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം നടത്തുക, നിയമന നടപടികളിൽ പരിഷ്കാരം കൊണ്ടുവരിക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ പൂർണമായി അംഗീകരിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.

തിങ്കളാഴ്ച റാഞ്ചിയിൽ നടന്ന നിയമസഭാ ഉപരോധ മാർച്ചിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഝാർഖണ്ഡ് പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

അതേസമയം, ജെ.പി.എസ്.സി നടത്തിയ വിവിധ മത്സര പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഝാർഖണ്ഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി.

വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ ഝാർഖണ്ഡ് സർക്കാർ അവഗണിക്കുകയാണെന്നും അവരുടെ പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ആരോപിച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും യുവാക്കളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Jharkhand Protest Stone Pelting Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.