നിയമസഭ സ്പീക്കർ സതീഷ് മഹന
ഉന്നാവോ: ഔദ്യോഗിക ചടങ്ങിനിടെ ദേശീയഗാനം ആലപിക്കവെ സദസ്സിൽ നിന്ന് ഇറങ്ങിപ്പോയി ഉത്തർപ്രദേശ് നിയമസഭ സ്പീക്കറും ബി.ജെ.പി നേതാവുമായ സതീഷ് മഹന. ഉന്നാവോയിലെ പുരാൻ നഗറിലുള്ള എസ്.വി.എം ഇന്റർ കോളജിൽ ശനിയാഴ്ച നടന്ന പ്രിൻസിപ്പൽമാരുടെ സമ്മേളനത്തിനിടെയാണ് വിവാദമായ സംഭവം.
ചടങ്ങിന്റെ ഭാഗമായി പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആരംഭിച്ചെങ്കിലും സ്പീക്കർ പെട്ടെന്ന് വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. വണ്ടിയിലേക്ക് നടന്നുനീങ്ങിയ ഇദ്ദേഹത്തെ ചില അനുയായികൾ തടഞ്ഞുനിർത്തി കാൽ തൊട്ടു വന്ദിക്കുന്നതും തുടർന്ന് സ്പീക്കർ സ്ഥലത്തുനിന്ന് കാറിൽ മടങ്ങുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
സ്പീക്കറുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ദേശീയഗാനം പൂർത്തിയാകാൻ വെറും 52 സെക്കൻഡ് കാത്തുനിൽക്കാൻ സ്പീക്കർക്ക് കഴിഞ്ഞില്ലേയെന്ന് കോൺഗ്രസ് സമൂഹ മാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനാഥെ വിമർശിച്ചു. ദേശീയ ഗാനത്തോട് കാട്ടിയ ഈ അനാദരവ് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഷയത്തിൽ ബി.ജെ.പി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മറ്റുള്ളവർക്ക് രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് നൽകുന്ന ബി.ജെ.പി ഇപ്പോൾ സ്വന്തം നേതാവിന്റെ കാര്യത്തിൽ എന്ത് പറയും എന്ന് സമാജ്‌വാദി പാർട്ടി വക്താവ് അനുരാഗ് ഭദൗരിയ ചോദിച്ചു.
എന്നാൽ ആരോപണങ്ങൾ തള്ളി സ്പീക്കർ സതീഷ് മഹന രംഗത്തെത്തി. തനിക്ക് ഗാർഡ് ഓഫ് ഓണർ നൽകിയ സ്ഥലത്തുവെച്ചല്ല ദേശീയഗാനം ആലപിച്ചതെന്നും നിയമപ്രകാരം ഗാർഡ് ഓഫ് ഓണർ നൽകുമ്പോൾ ദേശീയഗാനം കേൾപ്പിക്കാറില്ലെന്നുമാണ് അദ്ദേഹത്തിന്റെ അവകാശ വാദം. ചടങ്ങ് നടന്ന വേദിയിലാണ് ദേശീയഗാനം ഉയർന്നതെന്നും താൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് ബി.ജെ.പി അനുയായിയായ സ്പീക്കർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.