ഹിമാചൽ പ്രദേശിലെ ഷിംലയിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധം

വന്ദേ മാതരം വിവാദം രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി; ഹിമാചലിൽ കോൺഗ്രസ് സർക്കാറിനെതിരെ തെരുവിലിറങ്ങി

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭയിൽ ദേശീയ ഗാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കോൺഗ്രസ് സർക്കാറിനെതിരെ ദേശീയ ഗീതമായ വന്ദേ മാതരം പാടി ബി.ജെ.പിയുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയ്റാം താക്കൂറിന്റെ നേതൃത്വത്തിൽ  പ്രവർത്തകർ ഷിംലയിലെ ദി റിഡ്ജ് മൈതാനിയിൽ ഒത്തുകൂടി വന്ദേ മാതരം കൂട്ടത്തോടെ ആലപിക്കുകയായിരുന്നു.

വ്യാഴാഴ്ച തുടങ്ങിയ ഹിമാചൽ പ്രദേശ് നിയമസഭയുടെ വർഷകാലം പുരോഗമിക്കവെ, വന്ദേ മാതരം ആലാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും കടുത്ത ഏറ്റുമുട്ടലിലാണ്. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും സഭ നടപടികൾ തടസ്സപ്പെട്ടിരുന്നു. ഞായറാഴ്ച അവധിയായതിനാലാണ് ബി.ജെ.പി സഭക്ക് പുറത്ത് സർക്കാറിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

സഭാ സമ്മേളനം തുടങ്ങുംമുമ്പ് നിയമസഭയിൽ വന്ദേ മാതരം മുഴുവനായി ആലപിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സഭ സ്വന്തം ചട്ടങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ദേശീയ ഗാനത്തോടെ (ജന ഗണ മന) തുടങ്ങി ദേശീയ ഗാനത്തോടെയാണ് നടപടികൾ അവസാനിക്കുന്നതെന്നുമായിരുന്നു സ്പീക്കർ കുൽദീപ് സിങ് പത്താനിയയുടെ മറുപടി.

വന്ദേ മാതരവുമായി ബന്ധപ്പെട്ട പാർലമെന്റ് നിയമം കേന്ദ്ര സ്ഥാപനങ്ങൾക്ക് ബാധകമാണെങ്കിലും സംസ്ഥാന നിയമസഭക്ക് അതിന്റേതായ ചട്ടങ്ങളുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. സമവായത്തിലൂടെയാണ് ചട്ടങ്ങൾ രൂപീകരിച്ചിട്ടുള്ളതെന്നും വ്യക്തിഗതമായി അത് മാറ്റാൻ കഴിയില്ലെന്നും വ്യക്തമാക്കി. അതേസമയം, സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്ന വന്ദേ മാതരം നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒഴിവാക്കിയെന്നാണ് ബി.ജെ.പിയുടെ ആരോപണം.

അതിനിടെ, സഭ സമ്മേളനത്തിന് തുടക്കം കുറിച്ച് ജന ഗണ മന ആലപിച്ചപ്പോൾ ബി.ജെ.പി എം.എൽ.എമാർ തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്നും ബി.ജെ.പിയെ കുറ്റപ്പെടുത്തി. എന്നാൽ, ആലാപനം അവസാനിച്ച ശേഷമാണ് ബി.ജെ.പി അംഗങ്ങൾ എഴുന്നേറ്റു നിന്ന് വന്ദേ മാതരം പാടണമെന്ന ആവശ്യം ഉന്നയിച്ചതെന്നാണ് ബി.ജെ.പിയുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.