ഇന്ത്യയെ പ്രതിനിധീകരിച്ച തനിക്കുതന്നെ പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കേണ്ടി വരുന്നുവെങ്കിൽ...

ന്യൂഡൽഹി: യു.എ.ഇ, ഈജിപ്ത് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായും ആസ്ട്രേലിയയിൽ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ നയതന്ത്രജ്ഞൻ നവ്ദീപ് സൂരിക്ക് വോട്ടർ പട്ടിക ശുചീകരണ പ്രക്രിയയായ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികളിൽ ദുരനുഭവം.

മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച തനിക്ക് തന്നെ പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കേണ്ടി വരുന്നുവെങ്കിൽ, സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആശങ്ക രേഖപ്പെടുത്തി.

പഞ്ചാബിലെ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട തന്റെ അനുഭവം നവ്ദീപ് സൂരി സമൂഹമാധ്യമത്തിലൂടെ വിശദീകരിച്ചു. ബൂത്ത് ലെവൽ ഓഫീസറെ കണ്ട് വോട്ടർ ഐ.ഡിയും ആധാർ കാർഡും സമർപ്പിച്ചപ്പോൾ എല്ലാം കൃത്യമാണെന്നായിരുന്നു ലഭിച്ച ഉറപ്പ്. എന്നാൽ, 2003ലെ എസ്.ഐ.ആർ പട്ടികയുമായി വിവരങ്ങൾ ഒത്തുപോകുന്നില്ലെന്ന് കാണിച്ച് പിന്നീട് തനിക്ക് സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് ബി.എൽ.ഒയെ ബന്ധപ്പെട്ടപ്പോൾ നോട്ടീസ് കൈപ്പറ്റാനും, താൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന മറ്റ് രേഖകളുമായി വീണ്ടും എത്താനുമാണ് ആവശ്യപ്പെട്ടത്. 2003ൽ താൻ ഇന്ത്യയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയതോടെ പാസ്പോർട്ട് തെളിവായി ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വോട്ടർ ഐ.ഡിയും ആധാർ കാർഡും കൂടാതെ മറ്റ് രേഖകൾ കൈവശമുള്ള തനിക്ക് പോലും ഈ അവസ്ഥയാണെങ്കിൽ, സാധാരണ പൗരന്മാരുടെ ഗതിയെന്താകുമെന്ന് ചോദിച്ച അദ്ദേഹം, ഇത് ‘ജീവിതം എളുപ്പമാക്കൽ’ ആണെന്നും പരിഹസിച്ചു.

2005 ജൂണിൽ ബീഹാറിലാണ് എസ്.ഐ.ആർ പ്രക്രിയ ആദ്യമായി നടപ്പാക്കിയത്. ഈ ശുചീകരണത്തിന് ശേഷം മരിച്ചവരുൾപ്പെടെ അറുപത് ലക്ഷത്തിലധികം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

തുടര്‍ന്ന് പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി തൊണ്ണൂറ് ലക്ഷം വോട്ടർമാരെയും പട്ടികയിൽനിന്ന് നീക്കം ചെയ്തിരുന്നു.

2002ലെയോ 2003ലെയോ ഇലക്ടറൽ റോളുകളിൽ ഉൾപ്പെടാത്ത വോട്ടർമാർ, ആ പഴയ രേഖകളിൽ ഉള്ളവരുമായി തങ്ങൾക്കുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ നൽകണമെന്നാണ് എസ്.ഐ.ആർ വ്യവസ്ഥ ചെയ്യുന്നത്. തുടക്കത്തിൽ ആധാർ ഒഴിവാക്കി 11 രേഖകൾ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നത്.

എന്നാൽ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയതിനെ തുടർന്ന് ആധാറും പട്ടികയിൽ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായി. തെരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണത്തിന് കമ്മീഷന് അധികാരമുണ്ടെങ്കിലും, അത് സുതാര്യതയുടെയും സ്വാഭാവിക നീതിയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

പൊതുജീവിതത്തിൽ പ്രശസ്തരായ വ്യക്തികൾക്ക് വോട്ടർ പട്ടികയിൽ പേരില്ലാതാവുകയോ പിഴവുകൾ സംഭവിക്കുകയോ ചെയ്യുന്നത് ഇതാദ്യമല്ല. ഇത്തരം വിഷയങ്ങൾ പിന്നീട് പരിശോധനയിലൂടെ വ്യക്തത വരുത്തി പരിഹരിക്കപ്പെടാറാണ് പതിവ്.

Tags:    
News Summary - Ex-diplomat Navdeep Suri shares SIR ordeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.