റാഞ്ചി: തകർപ്പൻ വിജയവുമായി ഭരണകക്ഷിയായ ബി.ജെ.പിയെ നിഷ്പ്രഭമാക്കിയ ഝാർഖണ്ഡ് മുക്തിമോർച്ച- കോൺഗ്രസ് സഖ്യം മന്ത്രിസഭ രൂപവത്കരണത്തിന്. കോൺഗ്രസ്, ആർ.ജെ.ഡി നേതാക്കൾക്കൊപ്പം ജെ.എം.എം നിയമസഭ കക്ഷി നേതാവ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി ഗവർണർ ദ്രൗപദി മുർമുവിനെ കണ്ട് അവകാശവാദമുന്നയിച്ചു.
ഗവർണർക്കു കൈമാറിയ കത്തിൽ ജെ.എം.എം നയിക്കുന്ന മഹാസഖ്യത്തിന് ഝാർഖണ്ഡ് വികാസ് മോർച്ച പ്രചാതന്ത്രിക് (ജെ.വി.എം-പി) പ്രതിനിധികളെക്കൂടി ചേർത്ത് 50 അംഗങ്ങളുടെ പിന്തുണ അറിയിച്ചു. സന്ദർശനം ഗവർണറുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബർ 29ന് ഉച്ചക്ക് ഒരു മണിക്ക് സോറൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് ജെ.എം.എം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
81 അംഗ സഭയിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പിൽ ജെ.എം.എം-കോൺഗ്രസ് സഖ്യം 47 സീറ്റ് നേടിയിരുന്നു. ജെ.എം.എം 30ഉം കോൺഗ്രസ് 16ഉം സീറ്റ് സ്വന്തമാക്കിയപ്പോൾ ആർ.ജെ.ഡി ഒരു സീറ്റ് നേടി. സ്വതന്ത്രമായി മത്സരിച്ച് മൂന്നു സീറ്റ് നേടിയ ബാബുലാൽ മറാൻഡിയുടെ ജെ.വി.എം-പി ഹേമന്ത് സോറന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.