ജീ​തു മു​ണ്ട

സഹോദരിയുടെ അസ്ഥികൂടം സമർപ്പിച്ച സംഭവം; ബാങ്ക് ഉദ്യോഗസ്ഥർക്ക് മാപ്പ് നൽകി ജീതു മുണ്ട

ഭുവനേശ്വർ/കിയോൻജർ: സഹോദരിയുടെ മരണം തെളിയിക്കാൻ രേഖ വേണമെന്ന ബാങ്കിന്റെ കടുംപിടിത്തത്തെ തുടർന്ന്, കുഴിമാടത്തിൽനിന്ന് അസ്ഥികൂടം ഹാജരാക്കിയതിലൂടെ രാജ്യത്തിന്റെ നോവായി മാറിയ ഒഡിഷ ഗ്രാമീണൻ ജീതു മുണ്ട വീണ്ടും വാർത്തകളിൽ. തന്നെ ബുദ്ധിമുട്ടിച്ച ബാങ്ക് അധികൃതർക്ക് മാപ്പു നൽകുന്നുവെന്നും അവർക്കെതിരെ നടപടി വേണ്ടതില്ലെന്നും ജീതു അറിയിച്ചു.

സഹോദരി കർല മുണ്ടയുടെ അസ്ഥികൂടം ശവകുടീരത്തിൽനിന്ന് പുറത്തെടുത്ത ജീതു, മൂന്ന് കിലോമീറ്റർ അകലെയുള്ള ഒഡിഷ ഗ്രാമീണ ബാങ്കിന്റെ മാലിപോസി ശാഖയിൽ എത്തിച്ച് തെളിവായി സമർപ്പിക്കുകയായിരുന്നു. നിയമക്കുരുക്കുകൾ രാജ്യത്തെ പാവങ്ങളുടെ ജീവിതത്തെ തകർക്കുന്നതിന്റെ നേർചിത്രമായി ഈ ദൃശ്യങ്ങൾ മാറി. കുടുംബത്തിലെ കാളകളെ വിറ്റ് കർല മുണ്ട ഒഡിഷ ഗ്രാമീണ ബാങ്കിന്റെ മാലിപോസി ശാഖയിൽ നിക്ഷേപിച്ച 19,300 തിരികെ കിട്ടാനായിരുന്നു സഹോദരൻ ജീതുവിന്റെ സാഹസം.

കിയോൻജർ ജില്ലയിലെ പടാന ഡിയനാലിയിലാണ്, ജീതു മുണ്ടയെന്ന 50കാരൻ ഗ്രാമീണബാങ്കിന്റെ ‘രേഖ’ നിർബന്ധത്തെ തുടർന്ന് ‘കടുംകൈ’ ചെയ്തത്. സംഭവത്തെ തുടർന്ന് ബാങ്ക് തനിക്ക് പണം തന്നുവെന്നും ജീതു പറഞ്ഞു. ‘‘സഹോദരിയുടെ അസ്ഥികൂടം ബാങ്കിൽ കൊണ്ടുപോയതിന് ശേഷം അവളുടെ പേരിൽ നിക്ഷേപിച്ചിരുന്ന പണം എനിക്ക് ലഭിച്ചു. തെളിവ് ലഭിച്ചതോടെ ഉടൻ പണം വീട്ടിലെത്തിച്ചു തന്നു. അവർ എന്നെ ഏറെ വലച്ചു എന്നത് സത്യമാണെങ്കിലും ഇനി നടപടിയൊന്നും ആഗ്രഹിക്കുന്നില്ല’’ -ജീതു വിശദീകരിച്ചു.

അസ്ഥികൂടം കൊണ്ടുപോയിരുന്നില്ലെങ്കിൽ അവർ പണം തരില്ലെന്ന് ഉറപ്പാണ്. അങ്ങനെ ചെയ്തതിൽ തനിക്ക് ലജ്ജയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘മരിച്ചവരുടെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത് തെറ്റാണെന്ന് ചിലർ പറയുന്നു. പക്ഷേ, മൂന്ന് മാസം മുമ്പ് മരിച്ച സഹോദരിയുടെ വിരലടയാളം വേണമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനാൽ എനിക്ക് വേറെ മാർഗമില്ലായിരുന്നു.

അവൾ കിടപ്പിലായിരുന്നപ്പോൾ ഞാൻ ഭക്ഷണം പാകം ചെയ്ത് കൊടുക്കുമായിരുന്നു. അവളുടെ മരണം വലിയ ആഘാതമായിരുന്നു. സംഭവത്തിനുശേഷം മനുഷ്യസ്നേഹികളായ ഒട്ടേറെ പേരിൽനിന്നായി ഏകദേശം 15 ലക്ഷം രൂപ ലഭിച്ചു’’ - ഗ്രാമത്തിലെത്തിയ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. അസ്ഥികൂടം പുറത്തെടുത്തതിനാൽ ആചാരപ്രകാരം വീണ്ടും ചടങ്ങുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jeetu Munda apologizes to bank officials for his sister's skeleton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.