പട്ന: എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ യു ബിഹാറിൽ മത്സരിക്കുന്ന 16 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പ്രഖ്യാപിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് വസിഷ്ഠ് നാരായൺ സിങ്, സഞ്ജയ് കുമാർ ഝാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
12 സീറ്റുകളിൽ നിലവിലെ എം.പിമാർ തന്നെ മത്സരിക്കും. സീതാമർഹിയിൽ നിലവിലെ എം.പി സുനിൽകുമാർ പിന്റുവിന് പകരം ദേവേശ് ചന്ദ്ര ഠാകൂറും സിവാനിൽ സിറ്റിങ് എം.പി കവിത സിങ്ങിന് പകരം കഴിഞ്ഞദിവസം ഭർത്താവ് രമേഷ് സിങ്ങിനൊപ്പം പാർട്ടിയിൽ ചേർന്ന വിജയലക്ഷ്മി ദേവിയും മത്സരിക്കും. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ കിഷൻഗഞ്ചിൽ 2019ൽ പരാജയം ഏറ്റുവാങ്ങിയ മുജാഹിദ് ആലമിന് വീണ്ടും സീറ്റ് നൽകി. മഹാബയി സിങ് വിജയിച്ച കരാകട്ട് സീറ്റ് എൻ.ഡി.എ ഘടക കക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചക്ക് ജെ.ഡി.യു വിട്ടുകൊടുത്തു. പകരം ലഭിച്ച ബി.ജെ.പിയുടെ ഷി യോഹർ സീറ്റിൽ ജെ.ഡി.യു മത്സരിക്കും. പാർട്ടിയുടെ അടിത്തറയായ പിന്നാക്ക വിഭാഗങ്ങൾക്കും അതിപിന്നാക്ക വിഭാഗങ്ങൾക്കും മുൻഗണന നൽകിയുള്ള പട്ടികയാണ് പുറത്തിറക്കിയത്. സംസ്ഥാനത്ത് 40 ലോക്സഭ സീറ്റുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.