ആശങ്കയുടെ മുള്‍മുനയില്‍ തമിഴകം

കോയമ്പത്തൂര്‍: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതമുണ്ടായ വാര്‍ത്ത പരന്നതോടെ തമിഴകം ആശങ്കയുടെ മുള്‍മുനയില്‍. നൂറുകണക്കിന് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് ഏഴരയോടെ അപ്പോളോ ആശുപത്രിയുടെ ഒൗദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങിയതോടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. സംസ്ഥാന മന്ത്രിമാരും പ്രമുഖ നേതാക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അണ്ണാ ഡി.എം.കെയുടെ വനിത പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ നെഞ്ചത്തടിച്ച് കരയുന്നതും കാണാമായിരുന്നു. കഴിഞ്ഞദിവസം പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയ ജയലളിതയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സെപ്റ്റംബര്‍ 22നാണ് പനിയും നിര്‍ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനമൊട്ടുക്കും പൊലീസിന് ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു.

ചെന്നൈ അപ്പോളോ ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും അണ്ണാ ഡി.എം.കെ നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണ്. രണ്ടര മാസക്കാലമായി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടുക്കും ആരാധാനാലയങ്ങളിലും മറ്റും പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും സംഘടിപ്പിച്ചുവരികയായിരുന്നു. ഒരു ഘട്ടത്തില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അപ്പോളോ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

Tags:    
News Summary - jayalalitha Violence reported at hospital entrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.