ജയലളിതയുടെ ചികിത്സ: വിദേശ വിദഗ്ധനും എയിംസ് ഡോക്ടര്‍മാരും വീണ്ടും ചെന്നൈയില്‍

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സക്ക് വിദേശ വിദഗ്ധനും എയിംസിലെ ഡോക്ടര്‍മാരും വീണ്ടും അപ്പോളോ ആശുപത്രിയിലത്തെി. ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ അടിയന്തര ചികിത്സാ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെ, എയിംസിലെ വിവിധ വകുപ്പ് മേധാവികളായ  ഡോ. ജി.സി. ഖില്‍നാനി, ഡോ. നിതീഷ് നായക്, ഡോ. അഞ്ജന്‍ തൃകാ എന്നിവരാണ് എത്തിയത്. അതിതീവ്ര നിരീക്ഷണത്തില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയിലെ പുരോഗതി മെഡിക്കല്‍ സംഘം വിലയിരുത്തി. കഴിഞ്ഞയാഴ്ച നടന്ന ശ്വസനസഹായ ശസ്ത്രക്രിയക്കുശേഷമുള്ള തുടര്‍ചികിത്സ ഇവര്‍ തീരുമാനിക്കും. ഡോ. റിച്ചാര്‍ഡിന്‍െറ യാത്രകളെക്കുറിച്ച് ആശുപത്രി അധികൃതര്‍ വ്യക്തമായ സൂചന നല്‍കിയില്ല. മൂന്നു പ്രാവശ്യം അദ്ദേഹം ലണ്ടനില്‍ പോയി തിരിച്ചത്തെിയെന്ന് പറയുന്നു. ആശുപത്രി അധികൃതര്‍ മൂന്നു ദിവസമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ, മുഖ്യമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച്  സാമൂഹികമാധ്യമങ്ങളില്‍ ഭീതിപരത്തിയ രണ്ടു പേരെക്കൂടി ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ തിരുമണി സെല്‍വം (28), സ്വകാര്യ കമ്പനി അക്കൗണ്ടന്‍റായ എസ്. ബാലസുന്ദരം (48) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാലുപേര്‍ ഇതുവരെ അറസ്റ്റിലായി. 52 കേസാണ് രജിസ്റ്റര്‍ ചെയ്തത്. ജയലളിതയുടെ ആരോഗ്യനില പുറത്തുവിടണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയെ സമീപിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ട്രാഫിക് രാമസാമിക്കെതിരെ ചെന്നൈ പൊലീസില്‍ പരാതി ലഭിച്ചു.

ജയലളിതക്കെതിരെ അഭ്യൂഹം പ്രചരിപ്പിച്ച സാമിയെ പ്രതിയാക്കി കേസെടുക്കണമെന്നാണ് പരാതിക്കാരന്‍െറ ആവശ്യം. ജയലളിതയുടെ ആരോഗ്യനിലയില്‍ മനംനൊന്ത് പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തി അണ്ണാ ഡി.എം.കെ ഭാരവാഹി ആത്മഹത്യ ചെയ്തു. താമ്പരം സ്വദേശിയും സ്വകാര്യ കമ്പനിയിലെ സുരക്ഷാജീവനക്കാരനുമായ സര്‍ഗുണം (31) ആണ് മരിച്ചത്. 

Tags:    
News Summary - jayalaitha treatment,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.