രാജ്നാഥ് സിങ്

ഔറംഗസീബിനെ മതഭ്രാന്തനും ക്രൂരനായ ഭരണാധികാരിയുമെന്ന് നെഹ്റു വിശേഷിപ്പിച്ചിട്ടുണ്ട് -രാജ്നാഥ് സിങ്

മുംബൈ: ഔറംഗസീബിനെ മതഭ്രാന്തനും ക്രൂരനായ ഭരണാധികാരിയുമെന്ന് സ്വതന്ത്ര്യസമര സേനാനിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഔറംഗസീബല്ല, മഹാറാണ പ്രതാപും ഛത്രപതി ശിവജിയുമാണ് ദേശീയ നായകന്മാരെന്നും മുഗൾ ചക്രവർത്തിമാരെ വാഴ്ത്തുന്നവർ രാജ്യത്തെ മുസ്‌ലിംകളെ അപമാനിക്കുകയാണെന്നും രാജ്നാഥ് സിങ് ഛത്രപതി സംഭാജിനഗറിൽ വെള്ളിയാഴ്ച നടന്ന പരിപാടിയിൽ പറഞ്ഞു. ഔറംഗസീബിന്‍റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ നേതാക്കൾ രംഗത്തുവന്നതോടെ മഹാരാഷ്ട്രയിൽ ഉയർന്ന വിവാദങ്ങൾക്കു പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്‍റെ പരാമർശം.

“ദേശസ്നേഹത്തിന്‍റെയും ആത്മധൈര്യത്തിന്‍റെയും മകുടോദാഹരണമാണ് മഹാറാണ പ്രതാപ്. സ്വാതന്ത്ര്യാനന്തര ചരിത്രകാരന്മാർ മഹാറാണ പ്രതാപിനും ശിവജി മഹാരാജിനും അവരുടെ രചനകളിൽ ഇടം നൽകിയില്ല. പകരം ഔറംഗസീബിനെ ഉയർത്തിക്കാണിച്ചു. ഔറംഗസീബ് ഒരു വീരനാണെന്ന് കരുതുന്നവർ പണ്ഡിറ്റ് നെഹ്റുവിന്‍റെ പുസ്തകങ്ങൾ വായിക്കണം. മുഗൾ ചക്രവർത്തി ഒരു മതഭ്രാന്തനും ക്രൂരനായ ഭരണാധികാരിയുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. അങ്ങനെയൊരാളെ ഹീറോയെന്ന് പറയാനാകില്ല.

ഉപനിഷത്തുകൾ വിവർത്തനം ചെയ്ത ദാരാ ഷിക്കോ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ഔറംഗസീബ് കൊലപ്പെടുത്തി. മുഗൾ ചക്രവർത്തി അക്ബറിന്‍റെ ആധിപത്യത്തെ ചോദ്യംചെയ്ത വീരനാണ് മഹാറാണ പ്രതാപ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അദ്ദേഹം ഒരുപോലെ പരിഗണിച്ചു. ആദിവാസികളും മുസ്‌ലിംകളും അദ്ദേഹത്തിന്‍റെ സൈന്യത്തിലുണ്ടായിരുന്നു.

ഹാൽഡിഘട്ട് യുദ്ധത്തിൽ മുഗളർക്കെതിരെ യുദ്ധം ചെയ്ത് ഹക്കിം ഖാൻ സൂരി ജീവൻ ത്യജിച്ചു. ശിവജിയുടെ അംഗരക്ഷകനായിരുന്ന മദരി എന്ന യുവാവ് മുസ്‌ലിമായിരുന്നു. റാണപ്രതാപും ശിവജിയും മുസ്‌ലിം വിരുദ്ധരായിരുന്നില്ല, അവർ നമുക്ക് പ്രചോദനമാണ്. ബാബർ, തൈമൂർ, ഔറംഗസീബ്, ഘോരി, ഘസ്നാവി എന്നിവരെ പ്രകീർത്തിക്കുന്നതിലൂടെ ഇന്ത്യൻ മുസ്‌ലിംകളെ അപമാനിക്കുകയാണ്. ബി.ജെ.പിക്ക് എല്ലാ ഇന്ത്യക്കാരും തുല്യരാണ്. അവിടെ വിവേചനത്തിന് സ്ഥാനമില്ല” -രാജ്നാഥ് സിങ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് വിവാദ പ്രതിഷേധവും അക്രമവും സംഭാജിനഗറിൽ അരങ്ങേറിയത്. ഔറംഗസീബിന്‍റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റങ്ദളും പ്രതിഷേധം നടത്തി. ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നും വിശ്വഹിന്ദു പരിഷത്തും ബജ്റങ്ദളും ഭീഷണി മുഴക്കി. ഔറംഗസീബിന്റെ ശവകുടീരത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും ഇത് കല്ലേറിൽ കലാശിക്കുകയുമായിരുന്നു. അക്രമത്തിൽ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. 40 വാഹനങ്ങൾ നശിപ്പിച്ചെന്നാണ് വിവരം. 17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്‍റെ പേര്.

Tags:    
News Summary - 'Jawaharlal Nehru Also Called Aurangzeb Bigot, Cruel Ruler': Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.