ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷകൾക്കുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏക കേന്ദ്രമായ തിരുവനന്തപുരം സെന്റർ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധവുമായി എം.പിമാർ. ദക്ഷിണേന്ത്യൻ വിദ്യാർഥികളെ ആവശ്യമില്ലെന്ന് ജാമിഅ മില്ലിയ സർവകലാശാല തീരുമാനിച്ചോ എന്ന് ശശി തരൂർ എക്സിൽ കുറിച്ചു. വിഷയത്തിൽ ഇടപെട്ട് ഹാരിസ് ബീരാൻ എം.പി ജാമിഅ മില്ലിയ വൈസ്ചാൻസലർക്ക് കത്തയച്ചു. തിങ്കളാഴ്ച വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തുമെന്നും എം.പി അറിയിച്ചു. കേരളത്തിലെ സെന്റർ ഒഴിവാക്കിയ നടപടി പാർലമെന്റിൽ ഉന്നയിക്കുമെന്ന് പി. സന്തോഷ് കുമാർ എം.പി വ്യക്തമാക്കി.
കേരളത്തിൽ തിരുവനന്തപുരത്തോ കോഴിക്കോട്ടോ വർഷങ്ങളായി ജാമിഅ പരീക്ഷ കേന്ദ്രമായി അനുവദിക്കാറുണ്ടെന്നും ഇത് ഒഴിവാക്കപ്പെടുന്നതോടെ ജാമിഅയിലെ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാൻ കാത്തിരിക്കുന്ന 2000ലധികം വിദ്യാർഥികളാണ് ദുരിതത്തിലാവുകയെന്നും ഹാരിസ് ബീരാൻ കത്തിൽ ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ വിദൂര കേന്ദ്രങ്ങളിലേക്കുള്ള യാത്ര, താമസം, ഭക്ഷണം എന്നിവക്കായി വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും വിദ്യാർഥികൾക്കുണ്ടാകും. കേരളത്തിൽ പരീക്ഷാകേന്ദ്രം പുനഃസ്ഥാപിക്കണമെന്നും ഇതിനകം അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് അതനുസരിച്ച് പരീക്ഷാ കേന്ദ്രം മാറ്റാൻ അനുവദിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
ഡൽഹി, ലഖ്നോ, ഗുവാഹതി, പട്ന, കൊൽക്കത്ത, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു മുൻ വർഷങ്ങളിൽ ജാമിഅ പ്രവേശന പരീക്ഷ സെന്ററുകൾ ഉണ്ടായിരുന്നത്. എന്നാൽ, ഇക്കുറി തിരുവനന്തപുരം ഒഴിവാക്കി ഭോപാലിലും മാലേഗാവിലും പുതിയ സെന്ററുകൾ അനുവദിച്ചുവെന്ന് കഴിഞ്ഞ ദിവസം ജാമിഅ പുറത്തിറക്കിയ പ്രോസ്പെക്ടസിൽ പറയുന്നു.
അതേസമയം, പ്രോസ്പെക്ടസ് കമ്മിറ്റി വിശദ പരിശോധന നടത്തി പരീക്ഷാ കേന്ദ്രങ്ങൾ തീരുമാനിച്ചതാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സെന്റർ ഇല്ലാത്തത് പരിശോധിച്ചിട്ട് പറയാമെന്നും ജാമിഅ മില്ലിയ ചീഫ് മീഡിയ കോഓഡിനേറ്റർ പ്രഫ. ഖമറുൽ ഹസൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.