ഉവൈസി വളര്‍ത്തുന്നത് വര്‍ഗീയത –ജമാഅത്തെ ഇസ്ലാമി മോദിയും നേതാക്കളും വര്‍ഗീയമായി തരം താഴുന്നു


ന്യൂഡല്‍ഹി: അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറ നേതാവ് അസദുദ്ദീന്‍ ഉവൈസി സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഉവൈസിയുടെ മനോഭാവത്തിന് വര്‍ഗീയ നിറം കൈവന്നിരിക്കുകയാണെന്നും രാജ്യത്ത് അത് വലിയ പ്രയാസങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉവൈസിയുടെ മനോഭാവം വര്‍ഗീയമായതുകൊണ്ടാണ് തന്‍െറ പ്രചാരണത്തെ അദ്ദേഹം വര്‍ഗീയവത്കരിക്കുന്നത്. അദ്ദേഹത്തിന്‍െറ വാക്കുകള്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഉവൈസി നേട്ടമുണ്ടാക്കിയല്ളോ എന്ന ചോദ്യത്തിന് നേട്ടമുണ്ടാക്കുന്നവര്‍ സമൂഹത്തിന്‍െറ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ എന്ന് ഉമരി പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് രംഗം വര്‍ഗീയവത്കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര  മോദിയും ബി.ജെ.പി നേതാക്കളും വിദ്വേഷവും ഭിന്നിപ്പുമുണ്ടാക്കുന്ന പ്രസ്താവനകളിറക്കി അങ്ങേയറ്റം തരം താഴുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. 

ലോകത്തിനു മുന്നില്‍ രാജ്യത്തിന്‍െറ പ്രതിച്ഛായയാണ് ഇതുവഴി തകരുന്നത്. ഖബര്‍സ്ഥാന്‍-ശ്മശാനം, റംസാന്‍-ദീപാവലി തുടങ്ങിയ വര്‍ഗീകരണങ്ങളിലൂടെ വോട്ടര്‍മാരെ വര്‍ഗീയമായി തരംതിരിക്കാനാണ് നോക്കുന്നത്. എന്നാല്‍, ഇത്തരം  പ്രചാരണങ്ങളെ ജനം ചെറുക്കും  -അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാമ്പസുകളിലും ഫാഷിസം വളര്‍ന്നുകൊണ്ടിരിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം പറഞ്ഞു.

ഡല്‍ഹി രാംജാസ് കോളജില്‍ നടന്ന അതിക്രമം ഫാഷിസത്തിന്‍െറ വളര്‍ച്ചക്കുള്ള തെളിവാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കും നജീബിന്‍െറ തിരോധാനത്തിനും പിറകില്‍ ഇതേ ഫാഷിസ്റ്റുകളാണ്. ഉര്‍ദുവിനെ നീറ്റ് പരീക്ഷയെഴുതാനുള്ള ഭാഷയില്‍നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നും സലീം ആവശ്യപ്പെട്ടു.

Tags:    
News Summary - jamath islami statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.