ഇഫ്ലു സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരെ കേസെടുത്ത നടപടിയിൽ യു.ജി.സി ഇടപെടൽ ആവശ്യപ്പെട്ട് ഐ.യു.എം.എൽ എം.പി

ഹൈദരാബാദ്: ഇഫ്ലു കേന്ദ്ര സർവകലാശാലയിൽ നടന്ന ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ കേസെടുത്ത നടപടിയിൽ യു.ജി.സി ഇടപെടണമെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) രാജ്യസഭ എം.പി അബുൽ വഹാബ്. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാറിനോട് ആവശ്യപ്പെട്ടു. കത്തിലൂടെയായിരുന്നു അദ്ദേഹം ആവശ്യമുന്നയിച്ചത്. ലൈംഗികപീഡനപരാതിയിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നും വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.

ഒക്ടോബര്‍ 18നായിരുന്നു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. സർവകലാശാല പ്രോക്ടർ സാംസണാണ് വിദ്യാർഥികൾക്കെതിരെ പരാതി നൽകിയത്. 11 വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ അക്രമം പ്രോത്സാഹിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥിനിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഫലസ്തീന്‍ അനുകൂല പരിപാടി നടക്കാനിരുന്ന വേദിക്ക് പുറത്തുവെച്ചായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. ഹോസ്റ്റലിലേക്ക് നടക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ മുഖംമൂടി ധരിച്ച രണ്ട് അജ്ഞാതര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. വിദ്യാർഥിനിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം അസഭ്യം പറയുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ആരോ നടന്നുവരുന്നതായി തോന്നിയതിന് പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടതോടെയാണ് മറ്റ് വിദ്യാർഥികൽ വിവരമറിയുന്നത്. പിന്നാലെ പ്രതിഷേദം ശക്തമാക്കുകയായിരുന്നു. 130ഓളം സെക്യൂരിറ്റി ഗാര്‍ഡുകളും 50 സിസി ടിവി ക്യാമറകളുമുള്ള കാമ്പസിലാണ് ഇത്തരം അക്രമം നടന്നത്. നടപടി സ്വീകരിക്കാത്ത പക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - IUM MP,Abul Wahab MP seeks UGC intervention over cases againt students of EFLU central University on Sexual assault protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.