ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിൽനിന്ന്
ന്യൂഡൽഹി: ആസൂത്രണം പാളിയത് മൂലം തിക്കിലും തിരക്കിലും ഭാരത് മണ്ഡപത്തിലെ എ.ഐ ഉച്ചകോടി അലങ്കോലമായി. നിയന്ത്രണമില്ലാത്ത ജനത്തിരക്കിൽ വീർപ്പ് മുട്ടിയ പല സ്റ്റാളുകളിൽനിന്നും സാധനങ്ങൾ മോഷണം പോകുകയും ചെയ്തു. പി.ആർ വർക്കിൽ മാത്രം ശ്രദ്ധിക്കുന്ന കേന്ദ്ര സർക്കാറിന്റെ കെടുകാര്യസ്ഥതയെന്ന വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തുവന്നപ്പോൾ പാളിച്ചകൾ സമ്മതിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാപ്പു പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ നിർമിതബുദ്ധി ഉച്ചകോടി തിങ്കളാഴ്ചയാണ് ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ ആരംഭിച്ചത്.
ഹാളുകളിൽ വലിയ ജനത്തിരക്കായിരുന്നു. നീണ്ട നിരകൾ മിക്ക ഇടത്തും കാണപ്പെട്ടു. വ്യക്തമായ നിർദേശങ്ങൾ നൽകാതിരുന്നതും മൊബൈൽ ഡേറ്റ കിട്ടാതിരുന്നതുമൊക്കെ സ്ഥിതിഗതികൾ സങ്കീർണമാക്കി. ഭാരത് മണ്ഡപത്തിലെ എ.ഐ ഉച്ചകോടിയിലുണ്ടായ തിക്കും തിരക്കും വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതുമൊക്കെ പി.ആറിനുവേണ്ടി എന്തും ചെയ്യുന്ന സർക്കാറിന്‍റെ കെടുകാര്യസ്ഥതയുടെ ഫലമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
പ്രാരംഭ ദിനത്തിൽതന്നെ പ്രധാനമന്ത്രി ഫോട്ടോ എടുക്കാൻ കാട്ടിയ തിടുക്കം മൂലം ബുദ്ധിമുട്ട് നേരിട്ടത് സന്ദർശകർക്ക് മാത്രമല്ല എക്‌സിബിറ്റർമാർ ഉൾപ്പെടെ പ്രമുഖർക്കുമാണെന്ന് ഖർഗെ ‘എക്‌സി’ൽ പോസ്റ്റിൽ പറഞ്ഞു. എക്‌സിബിറ്റർമാർക്ക് ഭക്ഷണവും വെള്ളവും കിട്ടിയില്ല, ഡിജി യാത്ര തകരാറിലായി, ഡിജിറ്റൽ, യു.പി.ഐ പേമെന്‍റിന് പകരം പണം മാത്രമാണ് സ്വീകരിച്ചത് എന്നിങ്ങനെ പലവിധത്തിലാണ് ഉച്ചകോടിക്കെത്തിയവർ ബുദ്ധിമുട്ടിലായത്. വർഷം തോറും സുഗമമായി നടത്തുന്ന ബംഗളൂരു ടെക് ഉച്ചകോടി മോദി സർക്കാർ കണ്ടുപഠിക്കണമെന്ന് ഖർഗെ ഓർമിപ്പിച്ചു.
എ.ഐ ഉച്ചകോടി ആശയങ്ങളുടെയും നവീനതകളുടെയും സംഗമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പങ്കെടുക്കാൻ എത്തിയ പ്രമുഖരെ അദ്ദേഹം സ്വാഗതം ചെയ്തു. ശാസ്ത്ര, സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച പുരോഗതി ആഗോള രംഗത്തെ വികസന കാര്യങ്ങളിൽ നിർണായക സംഭാവനയേകും. കർഷകർക്ക് ഉൾപ്പെടെ, ഇന്ത്യൻ യാഥാർഥ്യങ്ങൾ മുൻനിർത്തിയുള്ള പ്രതിവിധികൾ രൂപകൽപന ചെയ്യാൻ കഴിവുള്ള യുവജനതയാണ് നമുക്ക് ഉള്ളതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.