'ഇത് ഭയാനകം, കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു'; പ്രതിഷേധവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലിന് പിന്നാലെ കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മ​െറ്റാരു താരംകൂടി രംഗത്ത്. ബാറ്റ്സ്മാൻ ശിഖര്‍ ധവാനാണ് ട്വിറ്ററിൽ തന്റെ പ്രതിഷേധം പങ്കുവച്ചത്. 'ഭയാനകമായ സാഹചര്യമാണിത്. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങളെിൽ നിന്ന് പിന്മാറാനും ക്രൂരമായ ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഞാൻ അഭ്യർഥിക്കുന്നു' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നേരത്തേ കേരളത്തിലെ തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി കെ.എൽ  രാഹുൽ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന തരത്തിലുള്ള കാംപയിനു പിന്തുണയുമായാണ് താരം എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.


തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന 'വോയ്‌സ് ഓഫ് സ്ട്രേ ഡോഗ്‌സ്' (വി.ഒ.എസ്.ഡി) പോസ്റ്റർ ഇൻസ്റ്റ സ്‌റ്റോറിയിൽ പങ്കുവച്ചാണ് രാഹുല്‍ കാംപയിനൊപ്പം ചേര്‍ന്നത്. കേരളത്തിൽ വീണ്ടും തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നത് ആരംഭിച്ചിരിക്കുന്നുവെന്നും തെരുവുനായ്ക്കളും ഉപേക്ഷിക്കപ്പെട്ട വളർത്തുനായ്ക്കളും സംസ്ഥാനത്ത് അപകടത്തിലാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. കേരളത്തിലെ തെരുവുനായ്ക്കളെ രക്ഷിക്കൂ എന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. 'ദയവായി, നിർത്തൂ' എന്ന അപേക്ഷയോടെയാണ് രാഹുൽ പോസ്റ്റർ പങ്കുവച്ചത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വി.ഒ.എസ്.ഡി. തെരുവുകളിൽ നിന്നുള്ള നായ്ക്കളെ ആജീവനാന്തം സംരക്ഷിക്കുക എന്നതാണ് ഇവരുടെ രീതി. തെരുവ് നായ സംരക്ഷണത്തിനായുള്ള ലോകത്തെ വലിയ പദ്ധതിയാണിതെന്ന് ഇവരുടെ വെബ് സൈറ്റിൽ പറയുന്നു. ബെംഗളൂരിലെ വി.ഒ.എസ്.ഡിസാങ്ച്വറി & ഹോസ്പിറ്റലിൽ ഈ രീതിയിൽ രക്ഷപ്പെടുത്തിയ നൂറുകണക്കിന് നായ്ക്കളെ നിലവിൽ സംരക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ 30-ലധികം നഗരങ്ങളിൽ നിന്ന് റോഡ്, ട്രെയിൻ, വിമാനമാര്‍ഗം കൊണ്ടു വന്നതാണ് ഈ തെരുവ് നായ്ക്കളെ എന്നാണ് പറയപ്പെടുന്നത്.

Tags:    
News Summary - 'It's scary, mass killing of stray dogs in Kerala'; Another cricketer joined the protest after Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.