മധ്യപ്രദേശിൽ സ്വന്തം സർക്കാറിനെതിരെ തിരിഞ്ഞ് ബി.ജെ.പി എം.എൽ.എമാർ

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു സംഘം ബി.ജെ.പി എം.എൽ.എമാരും പാർട്ടി നയിക്കുന്ന മധ്യപ്രദേശ് സർക്കാറും തമ്മിലുള്ള ഭിന്നത കടുക്കുന്നു. പ്രാദേശിക വിഷയങ്ങളിൽ നിയമസഭാംഗങ്ങൾ സംസ്ഥാന ഭരണകൂടത്തിനെതിരെ പരസ്യ വിമർശനങ്ങൾ ഉയർത്തിയതോടെയാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി എം.എൽ.എമാരായ പ്രീതം ലോധി (പിച്ചോർ), വിജയ്പാൽ സിങ് (സൊഹാഗ്പൂർ), പ്രദീപ് പട്ടേൽ (മൗഗഞ്ച്) എന്നിവർ വിവിധ വിഷയങ്ങളിൽ സർക്കാറിനെതിരെ രംഗത്തെത്തി. പുതിയ ദേശീയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയിൽ സംസ്ഥാന ബി.ജെ.പിയിൽ ആഭ്യന്തര കലഹം നടക്കുന്ന സമയത്താണ് നിയമസഭാംഗങ്ങളുടെ പ്രതിഷേധം.

2024 നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ബുധിനിയെ നിലനിർത്തിയെങ്കിലും വിജയ്പൂരിൽ കോൺഗ്രസിനോട് പരാജയപ്പെട്ടിരുന്നു. ഇത് സംസ്ഥാന യൂനിറ്റിനുള്ളിൽ ഐക്യം ഉറപ്പാക്കാൻ മുഖ്യമന്ത്രി മോഹൻ യാദവിൽ സമ്മർദ്ദം ഏറ്റിയതായി ഒരു മുതിർന്ന ബി.ജെ.പി പ്രവർത്തകൻ പറഞ്ഞു.

സർക്കാറി​ന്‍റെ കടുത്ത വിമർശകനായി ഉയർന്നുവന്ന പ്രീതം ലോധി ശിവപുരി ജില്ലയിലെ ഒരു പൊതുയോഗത്തിൽ ഒരു മന്ത്രിയെ ലക്ഷ്യം വെച്ചാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. ‘ഒരു മടിയനായ മന്ത്രി വന്നിരിക്കുന്നു. അദ്ദേഹത്തി​ന്‍റെ വരവ് കാരണം കോൺഗ്രസുകാർ അവരുടെ ലൈറ്റുകൾ കത്തിച്ചിരുക്കുന്നു. നമ്മൾ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുവേണ്ടി ജോലി ചെയ്തില്ലെങ്കിൽ ഞാൻ അവരുടെ പൈപ്പ് കണക്ഷനുകളും റോഡുകളും വിച്ഛേദിക്കും’ എന്നായിരുന്നു വാക്കുകൾ. പൊലീസ് പരിഷ്കാരങ്ങൾക്കുപുറമെ പിച്ചോറിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന ത​ന്‍റെ ആവശ്യം ലോധി പുതുക്കിയിട്ടുണ്ട്. ​മോഹൻ യാദവുമായുള്ള ഒന്നിലധികം കൂടിക്കാഴ്ചകളിൽ ഫലമുണ്ടാക്കിയിട്ടില്ല എന്ന് എം.എൽ.എ പറയുന്നു.

ഒബൈലുല്ല ഗഞ്ചിൽനിന്ന് പുതുതായി നിർമിച്ച ബേതുൽ മാർഗിലേക്ക് ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് ഒരു അപ്രോച്ച് റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ്പാൽ സിങ് ഏപ്രിൽ 24ന് മണിക്കൂറുകളോളം ഗതാഗതം തടഞ്ഞാണ് മറ്റൊരു പ്രതിഷേധം. റോഡി​ന്‍റെ അഭാവം നിരവധി ഗ്രാമങ്ങളെ ഒറ്റപ്പെടുത്തിയത് പ്രാദേശിക അതൃപ്തിക്ക് കാരണമായി.

മൗഗഞ്ചിൽ ഏപ്രിൽ 25ന് നയി ഗാധിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ പ്രദീപ് പട്ടേൽ എം.എൽ.എയും പൊലീസും തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു. പ്രാദേശിക പൊലീസിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് എം.എൽ.എ അറസ്റ്റ് വരിച്ചു. പൊലീസുമായുള്ള സംഘർഷങ്ങളെ തുടർന്ന് ആറു മണിക്കൂർ പ്രതിഷേധവും നടത്തി. സെൻസിറ്റീവ്-വർഗീയ വിഷയങ്ങളിൽ പട്ടേലും പൊലീസും തമ്മിൽ പലതവണ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്.

‘എനിക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്യാൻ ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഈ വിഷയത്തിൽ ഞാൻ മുഖ്യമന്ത്രിയുമായി സംസാരിച്ചു. പൊലീസിന് സന്ദേശം എത്തിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു അത്. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ താന ഇൻചാർജിനെ സസ്‌പെൻഡ് ചെയ്തു. ഇപ്പോൾ, അദ്ദേഹത്തെ നയി ഗാധി പൊലീസ് സ്റ്റേഷന്റെ താന ഇൻചാർജായി നിയമിച്ചിരിക്കുന്നു. അതിനാൽ അദ്ദേഹം എന്നെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും’ പട്ടേൽ പറഞ്ഞു.

തുടർന്ന് ബി.ജെ.പി നേതാക്കളെ സമാധാനിപ്പിക്കാൻ സംസ്ഥാന പൊലീസ് ഏപ്രിൽ 24ന് ഒരു നിർദേശം പുറപ്പെടുവിച്ചു. സർക്കാർ പരിപാടികളിലും പൊതുയോഗങ്ങളിലും എം.പിമാരെയും എം.എൽ.എമാരെയും തങ്ങളുടെ ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യണമെന്നതാണത്. ഈ നിർദേശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇത് പൊലീസ് യൂനിഫോമിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് ജിതു പട്വാരി ക​ുറ്റപ്പെടുത്തി. പൊതുജന പ്രതിനിധികളെ ബഹുമാനിക്കുന്നത് പാരമ്പര്യവും ചട്ടവും ആണെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ഈ നിർദേശത്തെ ന്യായീകരിച്ചു.

പാർട്ടിയിലെ എം.എൽ.എമാരും എം.പിമാരും കലാപക്കൊടി ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിരവധി നടപടികളിൽ ഒന്നാണ് ഈ നിർദേശം. ഒരു മുതിർന്ന ബി.ജെ.പി നേതാവി​ന്‍റെ അഭിപ്രായത്തിൽ പാർട്ടിയിലെ ഐക്യമില്ലായ്മ മൂന്ന് എം.എൽ.എമാരിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ്.

‘മുനിസിപ്പൽ കോർപ്പറേഷനുകളിലെ നിരവധി ഭാരവാഹികൾ പ്രാദേശിക പാർട്ടി നേതാക്കളുടെ രോഷത്തിന് ഇരയായിട്ടുണ്ട്. സാഗറിൽ മേയർ സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ കൗൺസിൽ രൂപീകരിച്ചു. ഇതിൽ പാർട്ടി മേയർക്ക് നോട്ടീസ് നൽകി. ബിനയിൽ നാഗർ പാലിക ചെയർപേഴ്‌സണി​ന്‍റെ നിയമനത്തിലെ അശ്രദ്ധ ബി.ജെ.പി നേതാക്കളിൽ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കുന്നുവെന്നും ബി.ജെ.പി നേതാവ് പറയുന്നു.

Tags:    
News Summary - It’s BJP versus its own government in Madhya Pradesh as party tries to set house in order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.