കടല്‍ക്കൊല: ഇരു പ്രതികളും ഇനി ഇറ്റലിയില്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ട്രൈബ്യൂണലിലെ കേസ് തീര്‍പ്പാകുന്നതുവരെ കേരളതീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ രണ്ടാം പ്രതിക്കും നാട്ടില്‍ തങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കേസിലെ പ്രതിയായ സാല്‍വതോര്‍ ഗിറോണിന് നേരത്തേ നല്‍കിയ അനുമതി ആരോഗ്യകാരണങ്ങള്‍ കാണിച്ച് നാട്ടില്‍ പോയ ലത്തോറെ മാര്‍സി മിലാനോക്കും ബാധകമാക്കിയാണ് ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, കുര്യന്‍ ജോസഫ്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്‍െറ ഉത്തരവ്.

ഇറ്റാലിയന്‍ പ്രതികളുടെ ആവശ്യം അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി നടപടി. അന്താരാഷ്ട്ര ട്രൈബ്യൂണലിലെ നടപടി സംബന്ധിച്ച സുതാര്യത ഉറപ്പാക്കണമെന്നതടക്കം കേരളത്തിനുവേണ്ടി ഹാജരായ അഡ്വ. കെ.എന്‍. ബാലഗോപാല്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സുപ്രീംകോടതി ഗൗനിച്ചില്ല. ഗിറോണിനു നല്‍കിയ ഒമ്പത് ജാമ്യവ്യവസ്ഥകള്‍ ലത്തോറെക്കും ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഒന്ന്) അന്താരാഷ്ട്ര ട്രൈബ്യൂണലിന്‍െറ വിധി ഇന്ത്യക്ക് അനുകൂലമാണെങ്കില്‍ ഒരു മാസത്തിനകം നാവികനെ ഇന്ത്യയില്‍ എത്തിക്കുമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ കോടതിക്ക് രേഖാമൂലം ഉറപ്പുനല്‍കണം. രണ്ട്) ഇറ്റലിയിലേക്ക് പോയാലും താന്‍ സുപ്രീംകോടതിയുടെ കസ്റ്റഡിയിലാണെന്ന് നാവികന്‍ ഉറപ്പുനല്‍കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണം. മൂന്ന്) നാട്ടിലത്തെിയാലുടന്‍ ഇറ്റാലിയന്‍ അധികാരികള്‍ക്ക് പാസ്പോര്‍ട്ട് കൈമാറണം. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ ഇറ്റലി വിടാന്‍ പാടില്ല. നാല്) എല്ലാ മാസത്തിലെയും ആദ്യ ബുധനാഴ്ച ഇറ്റലിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. അഞ്ച്) ഏത് പൊലീസ് സ്റ്റേഷനിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഒരാഴ്ചക്കകം റോമിലെ ഇന്ത്യന്‍ എംബസിയെ ഇറ്റലി അറിയിക്കണം.

ആറ്) എല്ലാ മാസവും ലത്തോറെ റിപ്പോര്‍ട്ട് ചെയ്തശേഷം അക്കാര്യം റോമിലെ ഇന്ത്യന്‍ എംബസിയെ ഇറ്റലി രേഖാമൂലം അറിയിക്കണം. ഏഴ്) മൂന്നു മാസം കൂടുമ്പോള്‍ ലത്തോറെയെ സംബന്ധിച്ച് എല്ലാ വിവരങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് ഇറ്റാലിയന്‍ എംബസി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറണം. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.

എട്ട്) കേസിലെ ഇറ്റലിയിലുള്ള സാക്ഷികളെ ഉള്‍പ്പെടെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാനോ  സ്വാധീനിക്കാനോ പാടില്ല. തെളിവ് നശിപ്പിക്കാനും പാടില്ല. ഒമ്പത്) കോടതിയുടെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി ബോധ്യപ്പെട്ടാല്‍ ജാമ്യം റദ്ദാക്കും.

Tags:    
News Summary - Italian mariner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.