ഡീപ്ഫേക്ക് : സമൂഹമാധ്യമ പ്രതിനിധികളുമായി കേന്ദ്രസർക്കാർ കൂടിക്കാഴ്ച; മാർഗനിർദേശങ്ങൾ കൊണ്ടു വന്നേക്കും

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‍ വ്യാപകമാവുന്നതിനിടെ ഡീപ്ഫേക്ക് മൂലമുണ്ടാകുന്ന ഭീഷണികൾ തടയാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി സമൂഹമാധ്യമ കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാർ കൂടിക്കാഴ്ച നടത്തും.

നവംബർ 23,24 തീയതികളിലായി രണ്ട് യോഗങ്ങളാണ് നടക്കുക. ആദ്യത്തെ യോഗത്തിന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് അധ്യക്ഷത വഹിക്കും. നവംബർ 24ന് നടക്കുന്ന രണ്ടാമത്തെ യോഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറായിരിക്കും ഈ യോഗത്തിന് അധ്യക്ഷത വഹിക്കുക.

യോഗങ്ങൾക്കിടയിൽ ഡീപ്ഫേക്ക് ഭീഷണി നേരിടാനുള്ള മാർഗനിർദേശങ്ങൾ കമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകുമെന്നാണ് സൂചന. മെറ്റ, ഗൂഗ്ൾ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ യോഗത്തിനെത്തുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഡീപ്ഫേക്ക് വിഡിയോകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് ഡീപ്ഫേക്ക് വിഡിയോകളും ചിത്രങ്ങളും നിർമിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണം. അടുത്തിടെ ഞാൻ പാടുന്നതായുള്ള ഡീപ് ഫേക്ക് വിഡിയോ കണ്ടിരുന്നു. ഇത്തരം നിരവധി വിഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഡീപ് ഫേക് വിഡിയോ നിർമിക്കാൻ എ.ഐ ഉപയോഗിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഡീപ് ഫേക്കുകളെ പ്രത്യേക സൂചന നൽകി അടയാളപ്പെടുത്തണമെന്ന് ചാറ്റ് ജി.പി.ടി ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റിൽ പ്രചരിക്കുന്നവക്ക് മുന്നറിയിപ്പ് നൽകണം. എ.ഐയുടെ ഇക്കാലത്ത് സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് സുപ്രധാനമാണ്. വിഷയത്തെപ്പറ്റി മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണം’, മോദി വ്യക്തമാക്കി.

Tags:    
News Summary - IT Ministry to meet social media companies over deepfakes, may share SoP on Nov 23-24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.