യോഗി ആതിഥ്യനാഥ് മാണ്ഡ്യയിൽ

പ്രചാരണ യോഗത്തിൽ

ജനക്ഷേമമല്ല, യോഗിക്ക് പ്രിയം പശുവും രാമക്ഷേത്രവും തന്നെ

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരകരിൽ ഒരാൾ. 11 .30ഓടെയാണ് മാണ്ഡ്യയിലെ പ്രചാരണപരിപാടി തുടങ്ങിയത്. വൻസുരക്ഷാസന്നാഹത്തോടെ ആദ്യം നഗരത്തിലൂടെ റോഡ് ഷോ.

ജനം കാവി നിറത്തിലുള്ള പൂക്കൾ യോഗിയുടെ വാഹനത്തിന് നേരെ എറിഞ്ഞു. തുടർന്ന് പൊതുയോഗം. വേദിയിൽ മുമ്പേ പ്രസംഗിച്ച എല്ലാവരും ‘ബുൾഡോസർ രാജ’ എന്ന് യോഗിയെ പുകഴ്ത്തിയപ്പോൾ ജനം ആർത്തുവിളിച്ചു. ഒരുമണിയോടെ ‘ജയ്ശ്രീറാം, ജയ് ഭാരത് മാതാ’ എന്നിവ സദസ്സിനെ കൊണ്ട് ഏറ്റുവിളിപ്പിച്ചാണ് യോഗി പ്രസംഗം തുടങ്ങിയത്.

വികസനമോ ജനകീയപ്രശ്നങ്ങളോ കാര്യമായി ഉന്നയിച്ചില്ല. അയോധ്യയിലെ രാമക്ഷേത്രവും പശുസംരക്ഷണവും അതിനായി മോദി ചെയ്ത കാര്യങ്ങളുമടക്കം സംഘ്പരിവാറിന്റെ പതിവ് ചേരുവകൾ തന്നെയായിരുന്നു പ്രധാനം. പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് വലിയ നേട്ടമായി എടുത്തുപറഞ്ഞപ്പോഴും ജനം ആവേശത്താൽ കൈയടിച്ചു.

കോൺഗ്രസ് വികസനം പറയുകമാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ മോദി അത് പ്രാവർത്തികമാക്കി. ഭരണഘടനാവിരുദ്ധമായ സംവരണത്തിലൂടെ കോൺഗ്രസ് മുസ്‍ലിംകളെ പ്രീണിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു.

വൊക്കലിഗ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖല പിടിക്കാൻ കച്ചകെട്ടിയ ബി.ജെ.പിക്കായുള്ള യോഗിയുടെ പ്രചാരണതുടക്കം കൂടിയായിരുന്നു മാണ്ഡ്യയിലെ റോഡ് ഷോയും പൊതുയോഗവും.

മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എം.പിയും നടിയുമായ സുമലത ബി.ജെ.പിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സജീവമായി പ്രചാരണത്തിനുണ്ടെങ്കിലും മാണ്ഡ്യ മണ്ഡലം ഇത്തവണയും ജനതാദൾ എസിന് തന്നെയെന്നാണ് ജനങ്ങളുടെ പൊതുവേയുള്ള അഭിപ്രായം.

ബി.ആർ. രാമചന്ദ്രയാണ് ജെ.ഡി.എസിനായി ജനവിധി തേടുന്നത്. അശോക് ജയറാം ബി.ജെ.പിയുടേയും പി. രവികുമാർ കോൺഗ്രസിന്റേയും സ്ഥാനാർഥികളാണ്. ജെ.ഡി.എസിന്റെ എം. ശ്രീനിവാസയാണ് സിറ്റിങ് എം.എൽ.എ. 41.99 ശതമാനം വോട്ടുനേടിയാണ് 2018ൽ ഇദ്ദേഹം ജയിച്ചത്.

കഴിഞ്ഞ തവണ ബി.ജെ.പിയുടെ എൻ. ശിവണ്ണക്ക് മൂന്നാംസ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. മാണ്ഡ്യയിൽ നിന്നുള്ള മുൻ എം.എൽ.എയും സിദ്ദരാമയ്യയുടെ കോൺഗ്രസ്​ സർക്കാറിലെ മന്ത്രിയുമായിരുന്ന പരേതനായ നടൻ അംബരീഷിന്‍റെ ഭാര്യയാണ്​ സുമലത.

ദൾ നിയമസഭ കക്ഷിനേതാവായ കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയെ പരാജയപ്പെടുത്തിയാണ്​ ബി.ജെ.പി പിന്തുണയോടെ സുമലത 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽനിന്ന്​ എം.പിയായത്​. ഇവർ ബി.ജെ.പിക്ക് പരിപൂർണ പിന്തുണപ്രഖ്യാപിച്ചതോടെയാണ് മാണ്ഡ്യ മണ്ഡലം ശ്രദ്ധ നേടുന്നത്.

Tags:    
News Summary - It is not the welfare of the people but the cow and the Rama temple that are significant to the Yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.