അഹ്മദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുൻ ഗുജറാത്ത് ഡി.ജി.പി പി.പി. പാണ്ഡേയുടെ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി. ജഡ്ജി ജെ.കെ. പാണ്ഡ്യ ഫെബ്രുവരി 16ന് ഉത്തരവ് പറയും. നിലവിൽ പാണ്ഡേ ജാമ്യത്തിലാണ്. കേസിലെ രണ്ട് ദൃക്സാക്ഷികളുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും മറ്റ് 105 സാക്ഷികളിൽ ആരും തെൻറ പേര് പറഞ്ഞിട്ടില്ലെന്നും പാണ്ഡെ കോടതിയിൽ വാദിച്ചു. സി.ബി.ഐ പാണ്ഡേയെ പ്രതിചേർത്തത് കേന്ദ്രത്തിൽനിന്ന് അനുമതി വാങ്ങാതെയാണെന്നും കേസ് നിലവിലിരിക്കെത്തന്നെ പാണ്ഡെയെ ഡി.ജി.പി ഇൻ ചാർജ് ആക്കിയത് കേസ് തള്ളാൻ പര്യാപ്തമാണെന്നും പാണ്ഡെയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം, പാണ്ഡേയുടെ ഹരജിയെ സി.ബി.ഐ കോടതിയിൽ എതിർത്തു. ഏറ്റുമുട്ടലിന് പിന്നിലെ ഗൂഢാലോചനയിൽ പാണ്ഡേയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നാണ് സി.ബി.െഎ വാദം. 2004 ജൂൺ 15ന് ആണ് ഇശ്റത് ജഹാൻ, പ്രാണേഷ് പിള്ള, സീഷാൻ ജോഹർ, അംജദ് റാണ എന്നിവരെ അഹ്മദാബാദ് ക്രൈംബ്രാഞ്ച് വെടിവെച്ചുകൊന്നതായി ആരോപണമുയർന്നത്. പാണ്ഡേയെ കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹരജിക്കെതിരെ ഇശ്റത് ജഹാെൻറയും പ്രാണേഷ് പിള്ളയുടെയും മാതാപിതാക്കളും കോടതിയിലെത്തി. പാണ്ഡേയെ ഒഴിവാക്കിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.