ഭർതൃവീട്ടിൽ ഭാര്യക്ക് സംഭവിക്കുന്ന എന്ത് പരിക്കിനും ഉത്തരവാദി ഭർത്താവ് -സുപ്രീംകോടതി

ന്യൂഡൽഹി: ഭർതൃവീട്ടിൽ വെച്ച് ഭാര്യക്ക് സംഭവിക്കുന്ന ഏതൊരു പരിക്കിനും ആക്രമണത്തിനും ഭർത്താവ് ഉത്തരവാദിയാണെന്ന് സുപ്രീംകോടതി. ഏതെങ്കിലും ബന്ധുക്കൾ മൂലമാണ് പരിക്കേറ്റതെങ്കിലും പ്രാഥമിക ഉത്തരവാദിത്തം ഭർത്താവിനായിരിക്കും. ഭാര്യയെ ആക്രമിച്ച കേസിൽ ലുധിയാന സ്വദേശി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

ഭർത്താവ് ക്രൂരമായി മർദിച്ചുവെന്ന് ആരോപിച്ചാണ് ഭാര്യ നിയമനടപടി സ്വീകരിച്ചത്. എന്നാൽ, താനല്ല പിതാവാണ് മർദിച്ചത് എന്ന പ്രതിയുടെ വാദം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.

കേസിൽ ആരോപണവിധേയനായ ആളുടെ മൂന്നാം വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു ഇത്. 2018ൽ ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. തന്നെ ഭർത്താവും ഭർത്താവിന്‍റെ മാതാപിതാക്കളും ചേർന്ന് മർദിക്കുന്നതായി കാണിച്ച് കഴിഞ്ഞ ജൂലൈയിലാണ് സ്ത്രീ പരാതിപ്പെട്ടത്. സ്ത്രീധനത്തിന്‍റെ പേരിലായിരുന്നു മർദനം.

ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ചതായും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ഗർഭഛിദ്രം നടത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. എന്നാൽ, താൻ അല്ല പിതാവാണ് ബാറ്റ് കൊണ്ട് മർദിച്ചത് എന്നായിരുന്നു ഭർത്താവ് വാദിച്ചത്. തുടർന്ന് കോടതി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

'നിങ്ങൾ എന്തൊരു മനുഷ്യനാണ്. നിങ്ങളാണോ പിതാവാണോ മർദിച്ചത് എന്നത് ഇവിടെ പ്രസക്തമല്ല. ഭർതൃവീട്ടിൽ വെച്ച് ഭാര്യയുടെ നേർക്കുള്ള ഏതൊരു അക്രമത്തിനും പ്രാഥമിക ഉത്തരവാദിത്തം ഭർത്താവിനാണ്' -കോടതി പറഞ്ഞു.

നേരത്തെ പഞ്ചാബ്-ഹരിയാന ഹൈകോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

Tags:    
News Summary - Injuries Inflicted on Wife in Matrimonial House Will be Husband's Responsibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.