ന്യൂഡൽഹി: പ്രതിഷേധങ്ങൾ ഭരണകൂടത്തെ ഭയപ്പെടുത്തുന്നുവെന്നതിന്‍റെ തെളിവാണ് അന്യായമായ അറസ്റ്റുകളെന്ന് ഒന്നരമാസത്തെ ജയിൽവാസത്തിനും ക്രൂരമായ പീഡനത്തിനും ശേഷം ജാമ്യത്തിലിറങ്ങിയ ദലിത് തൊഴിലാളി ആക്ടിവിസ്റ്റ് നവ്ദീപ് കൗർ. പ്രതിഷേധമുയർത്തുന്നവരെയെല്ലാം പല ലേബലുകളിൽ അടയാളപ്പെടുത്തി അടിച്ചമർത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. കരിനിയമങ്ങൾ വഴി പ്രതിഷേധക്കാരെ ജയിലിലടക്കുന്നു -നവ്ദീപ് കൗർ പറഞ്ഞു. ഭരണകൂടത്തിന്‍റെ അടിച്ചമർത്തലിനെതിരെ പ്രതിഷേധിക്കാൻ 37 സംഘടനകൾ ചേർന്ന് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
തനിക്ക് വേണ്ടി ശബ്ദമുയർത്തിയ മാധ്യമപ്രവർത്തകർക്ക് നവ്ദീപ് കൗർ നന്ദി അറിയിച്ചു. ജാമ്യം ലഭിച്ചെന്ന് കരുതി പോരാട്ടം അവസാനിച്ചിട്ടില്ല. നമ്മുടെ ആവശ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. ദലിത് തൊഴിലാളികൾ ഇപ്പോഴും വിശപ്പോടെ ഉറങ്ങുകയാണ്. തൊഴിലാളികൾ പ്രതിഷേധിക്കുന്നതോ ന്യായമായ കൂലി ആവശ്യപ്പെടുന്നതോ ഒരിക്കലും നിയമലംഘനമല്ല -നവ്ദീപ് കൗർ പറഞ്ഞു.
മുസ്ലിമോ, ദലിതനോ, ആദിവാസിയോ, സിഖോ ആരുമാകട്ടെ, അവർ ശബ്ദമുയർത്തുമ്പോൾ പല ലേബലുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയാണ്. ലഘുലേഖകൾ വിതരണം ചെയ്യുന്നത് പോലും ഭരണകൂടത്തിന് ഭയമാണ്.
ജയിലിൽ വെച്ച് നിരന്തരം ബലാത്സംഗത്തിനിരയായതായി മറ്റ് സ്ത്രീകൾ തന്നോട് പറഞ്ഞുവെന്ന് നവ്ദീപ് കൗർ പറഞ്ഞു.
ഡൽഹിയിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് തുടരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉയർന്ന കൂലി ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് കൗറിനെ അറസ്റ്റ് ചെയ്തത്. ജനുവരി 12നാണ് സിംഘു അതിർത്തിയിൽ വെച്ച് നവ്ദീപ് കൗർ അറസ്റ്റ് ചെയ്യപ്പെട്ടത്. നവ്ദീപിനെ ഹരിയാന പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് വീട്ടുകാർക്കുപോലും അറിവുണ്ടായിരുന്നില്ല. പിന്നീടാണ് ഇവർ കർനാൽ ജയിലിലാണെന്ന് അറിയുന്നത്.
പൊലീസ് കസ്റ്റഡിയിൽവെച്ച് തന്നെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയെന്ന് കൗർ പറഞ്ഞിരുന്നു.
വധശ്രമം ഉൾപ്പെടെ കടുത്ത കുറ്റങ്ങളാണ് പൊലീസ് നവ്ദീപ് കൗറിന് മേൽ ചുമത്തിയത്. കൊള്ള, മാരകായുധങ്ങളുമായി കലാപം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, പൊലീസിനെ ആക്രമിക്കൽ, അതിക്രമിച്ചുകടക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു.
ഫെബ്രുവരി 26നാണ് പഞ്ചാബ്, ഹരിയാന ഹൈകോടതി നവ്ദീപ് കൗറിന് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.