ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്രം; ഇന്ന് റദ്ദാക്കിയത് 500 വിമാനങ്ങൾ

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 500 സർവീസുകളാണ് വിമാനകമ്പനികൾ റദ്ദാക്കിയത്. ഡൽഹി(152), ബംഗളൂരു(121), ​ചെന്നൈ(81), ഹൈദരാബാദ്(58), മുംബൈ(31), ലഖ്നോ(26) എന്നിങ്ങനെയാണ് ഇൻഡിഗോ റദ്ദാക്കിയ സർവീസുകൾ. ഇതിനൊപ്പം കമ്പനിയുടെ അഞ്ച് ശതമാനം സർവീസുകൾ കേന്ദ്രസർക്കാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇൗ റൂട്ടുകൾ മറ്റ് വിമാനകമ്പനികളെ ഏൽപ്പിക്കാനാണ് സർക്കാർ പദ്ധതി.നിലവിൽ 2200 ​ഫ്ലൈറ്റുകളാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ അഞ്ച് ശതമാനം വെട്ടിക്കുറക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്.

പ്രതിസന്ധിക്ക് പിന്നിൽ അഞ്ച് കാരണങ്ങളെന്ന് ഇൻഡിഗോ; ഡി.ജി.സി.എ നോട്ടീസിന് മറുപടി, വിശദമായ വിവരങ്ങൾക്ക് സമയം അനുവദിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: രാജ്യത്തുടനീളം വിമാന സർവീസുകൾ തടസ്സപ്പെട്ട സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡി.ജി.സി.എ) നോട്ടീസിന് മറുപടി നൽകി ഇൻഡിഗോ എയർലൈൻസ്. പുതിയ ​ഫ്ളൈറ്റ് ഡ്യൂട്ടി പരിമിതപ്പെടുത്തൽ ചട്ടങ്ങളും (എഫ്.ഡി.ടി.എൽ), ശൈത്യകാല സർവീസ് ക്രമീകരണങ്ങളുമടക്കം പ്രതിസന്ധിയുടെ അഞ്ച് കാരണങ്ങൾ വ്യക്തമാക്കിയാണ് ഇൻഡിഗോ മറുപടി നൽകിയത്.

വിമാന സർവീസുകൾ വ്യാപകമായി മുടങ്ങിയതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഡി.ജി.സി.എ ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്‌സ്, സി.ഒ.ഒ ഇസിഡ്രെ പോർക്വെറസ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഞായറാഴ്ച മറുപടി നൽകേണ്ടിയിരുന്ന ഉദ്യോഗസ്ഥർ, വിശദമായ മറുപടി തയ്യാറാക്കുന്നതിനായി തിങ്കളാഴ്ച വൈകീട്ട് ആറ് വരെ സമയം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇരുവരും തിങ്കളാഴ്ച വൈകീട്ട് ആറോടെ മറുപടി സമർപ്പിച്ചത്.

നോട്ടീസിൽ അനുവദിച്ച കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായി ഒരു കാരണം ചൂണ്ടിക്കാനാവാത്ത സാഹചര്യമാണെന്ന് കമ്പനി മറുപടിയിൽ പറയുന്നു. ഡി.ജി.സി.എ മാന്വൽ അനുസരിച്ച് മറുപടി നൽകാൻ 15 ദിവസത്തെ സമയം അനുവദിക്കേണ്ടതുണ്ട്. ഇതനുസരിച്ച് കൃത്യവും വ്യക്തവുമായ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഇൻഡിഗോ ആവശ്യപ്പെട്ടു.

Tags:    
News Summary - IndiGo faces action over cancellation chaos, to lose 5% flying routes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.