ഇൻഡിഗോ: ഏഴ് ദിവസംകൊണ്ട് മുടങ്ങിയത് 4500 വിമാന സർവീസുകൾ; പ്രതിസന്ധി തുടരുന്നു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമ ഗതാഗത മേഖലയെ താറുമാറാക്കിയ ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധിയിൽ ഒരാഴ്ചകൊണ്ട് മുടങ്ങിയത് 4500 വിമാന സർവീസുകൾ. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങി ഒരാഴ്ചയായി തുടരുന്ന വിമാനമുടക്കത്തിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ലക്ഷകകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വിമാനങ്ങളുടെ അനിശ്ചിതമായ കാലതാമസവും, റദ്ദാക്കലും ഉൾപ്പെടെ പ്രതിസന്ധിയിൽ വിമാനത്താവളങ്ങളിലായി കുരുങ്ങിയ യാത്രക്കാരുടെ ദുരിതം ഏഴാം ദിവസവും തുടരുകയാണ്.

കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡി.ജി.സി.എയും നടപ്പിലാക്കിയ ​ൈഫ്ലറ്റ് ടൈം ലിമിറ്റേഷൻ ചട്ടം (എഫ്.ഡി.ടി.എൽ) പ്രാബല്ല്യത്തിൽ വന്നതിനു പിന്നാലെ ഡിസംബർ ആദ്യ ദിവസങ്ങളിലാണ് ഇൻഡിഗോ വിമാന സർവീസുകൾ താളംതെറ്റാൻ തുടങ്ങിയത്.

ആദ്യ ദിവസമായ ഡിസംബർ രണ്ട് ചൊവ്വാഴ്ച 150 വിമാനങ്ങളുടെ റദ്ദാക്കലോടെയാണ് വ്യോമ പ്രതിസന്ധി ആരംഭിക്കുന്നത്. രണ്ടാം ദിനം 200 വിമാന സർവീസുകളും റദ്ദാക്കപ്പെട്ടു. ഇതോടെ ഇൻഡിഗോയുടെ ഓൺ ടൈം ​റെക്കോഡ് 19.7 ശതമാനം ഇടിഞ്ഞു.

വ്യാഴാഴ്ച 300ൽ അധികം വിമാനങ്ങൾ കൂടി റദ്ദാക്കപ്പെട്ടതോടെ വിഷയം ദേശീയ ശ്രദ്ധയിലെത്തുകയായിരുന്നു. കൂടുതൽ അന്താരാഷ്ട്ര സർവീസുകളെയും ബാധിച്ചു.

വെള്ളിയാഴ്ച പ്രതിസന്ധി രൂക്ഷമാക്കികൊണ്ട് 1600 വിമാനങ്ങളുടെ സർവീസ് മുടങ്ങി. ഒരു ദിവസം ഏറ്റവും കൂടുതൽ വിമാനങ്ങൾ മുടങ്ങിയ റെക്കോഡും ഡിസംബർ അഞ്ച് വെള്ളിയാഴ്ച കുറിച്ചു. ​ശനിയാഴ്ച 850 വിമാനങ്ങളും, ഞായറാഴ്ച 650 വിമാനങ്ങളും റദ്ദാക്കപ്പെട്ടു. ഏഴാം ദിവസമായ തിങ്കളാഴ്ചയും വിമാന സർവീസുകളുടെ മുടക്കം തുടരുകയാണ്. ഡൽഹി, ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലായി 300 വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്.

ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്.

രാജ്യത്തെ വ്യോമയാന മേഖലയെ നിശ്ചലമാക്കിയ പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോ മേധാവികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തി വിശദീകരണം തേടാൻ തീരുമാനിച്ചു. നിലവിൽ, സി.ഇ.ഒ പീറ്റർ എൽബേഴ്സിനും മറ്റും ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. വിമാന പ്രതിസന്ധിക്കു പിന്നാലെ, കുതിച്ചുയർന്ന ടിക്കറ്റ് നിരക്ക് പിടിച്ചു നിർത്താനായി കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. ഫെയർക്യാപ് നിശ്ചയിച്ച് നിരക്ക് പരിധി നിശ്ചയിച്ചാണ് വിലനിയന്ത്രണം ഏർപ്പെടുത്തിയത്.

Tags:    
News Summary - IndiGo crisis; Over 4,500 flights cancelled in 7 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.