പ്രളയവും മണ്ണിടിച്ചിലും നാശംവിതച്ച ശ്രീലങ്കക്ക് ഇന്ത്യയുടെ സഹായം; രക്ഷാപ്രവർത്തനത്തിന് ഐ.എൻ.എസ് വിക്രാന്ത്

ന്യൂഡൽഹി: ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും തകർന്ന ശ്രീലങ്കക്ക് സഹായവുമായി ഇന്ത്യ. സഹായമായ 'ഓപറേഷൻ സാഗർ ബന്ധു'വിന് ഇന്ത്യ തുടക്കം കുറിച്ചു. സാഗർ ബന്ധുവിന്‍റെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ, ടെന്‍റുകൾ, ടോർച്ചുകൾ, ചാർജിങ് കേബിളുകൾ അടക്കമുള്ള 6.5 ടൺ സാധനസാമഗ്രികൾ ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചു.

അതിനിടെ, ലങ്കൻ സർക്കാറിന്‍റെ അഭ്യർഥനയെ തുടർന്ന് പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിനെയും ഐ.എൻ.എസ് ഉദയഗിരിയെയും കേന്ദ്ര സർക്കാർ വിന്യസിപ്പിച്ചു. നിലവിൽ കൊളംബോ തീരത്ത് രണ്ട് കപ്പലുകളും ഉണ്ട്.

ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 56 പേർ മരിക്കുകയും 21 പേരെ കാണാതാകുകയും ചെയ്തതായി ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.


കിഴക്കൻ ട്രി​ങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും രാജ്യത്ത് നാശം വിതക്കുന്നത്. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. 72 മണിക്കൂറിനിടെ 46 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ദ്വീപിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.

കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 25 ലധികം പേരാണ് മരിച്ചത്. നിരവധിപേരെ കാണാതാവുകയും ചെയ്തു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാജ്യത്ത് വെള്ളിയാഴ്ച അവശ്യ സേവനങ്ങൾക്കൊഴികെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി. കൊളംബോയുടെ വടക്കൻ ഭാഗങ്ങളിൽ കെലനി നദിക്ക് സമീപത്തെ താമസക്കാർ മാറിത്താമസിക്കണമെന്നും ആവശ്യപ്പെട്ടു.

കെലനി നദിയിലെ ജലനിരപ്പ് 2016ലെ വെള്ള​​​പ്പൊക്ക​ത്തേക്കാൾ ഉയരാൻ സാധ്യതയു​ണ്ടെന്ന് ഡയറക്ടർ ജനറൽ അജിത് ഗുണശേഖര പറഞ്ഞു. പാറകളും മരങ്ങളും റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വീണതോടെ രാജ്യത്തെ ​ഗതാഗത സംവിധാനം നിലച്ചു. വിവിധ ഭാഗങ്ങളിൽ പാസഞ്ചർ ട്രെയിൻ സർവിസ് നിർത്തിവെച്ചു. വെള്ളം കയറിയതിനെതുടർന്ന് റോഡുകൾ അടക്കുകയും ചെയ്തു.

Tags:    
News Summary - India's assistance to Sri Lanka devastated by floods and landslides; INS Vikrant for rescue operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.