ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശൻ അന്തരിച്ചു

തിരുവനന്തപുരം: ശാസ്ത്ര ലോകത്തിന് കേരളം സംഭാവന ചെയ്ത അതുല്യ പ്രതിഭ ഡോ. ഇ.സി.ജി സുദർശൻ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ ബന്ധുക്കളാണ് സുദർശനന്‍റെ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. സംസ്കാരം പിന്നീട് ടെക്സസിൽ നടക്കും. 

പ്രകാശത്തെക്കാൾ വേഗതയുള്ള ടാക്കിയോൺ കണങ്ങളുണ്ടെന്ന് ആദ്യം പ്രവചിച്ചത് സുദർശൻ ആണ്. തുടർന്നാണ് ഗവേഷണ പ്രവർത്തനങ്ങളുമായി ശാസ്ത്രലോകം മുന്നോട്ട് പോയത്. ഇപ്പോൾ ദൈവകണത്തെ കുറിച്ച് ജനീവയിൽ നടക്കുന്ന പരീക്ഷണങ്ങൾ അടിത്തറ പാകിയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് അദ്ദേഹം. 

ക്വാണ്ടം ഒപ്റ്റിക്സിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിൽ ആൽബർട്ട് ഐൻസ്റ്റീന്‍റെ സിദ്ധാന്തം തിരുത്തിയെഴുതിയതാണ് സുദർശന്‍റെ പ്രധാന സംഭാവന. വേദാന്തത്തെയും ഊർജ തന്ത്രത്തെയും കൂട്ടിയിണക്കിയായിരുന്ന അദ്ദേഹത്തിന്‍റെ പരീക്ഷണങ്ങൾ. ഭൗതിക ശാസ്ത്രത്തിൽ ഒമ്പത് തവണ സുദർശനെ നൊബേൽ സമ്മാനത്തിന് വേണ്ടി നാമനിർദേശം ചെയ്തിട്ടുണ്ട്. 

വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദർശൻ നടത്തിയ കണ്ടെത്തലിനെ ശാസ്ത്ര ലോകം 'ക്വാണ്ടം സീനോ ഇഫക്ട്' എന്നു വിശേഷിപ്പിച്ചു. ‘പ്രകാശപരമായ അനുരൂപ്യം’ എന്നു വിളിക്കപ്പെട്ട ഈ കണ്ടുപിടിത്തത്തിന് 2005ൽ നൊബേൽ സമ്മാനത്തിന് സുദർശന്‍റെ പേര് നിർദേശിക്കപ്പെട്ടു. എന്നാൽ, ഒരു വർഷം മൂന്നിലധികം പേരെ പുരസ്കാരത്തിന് പരിഗണിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്വീഡിഷ് അക്കാദമി സുദർശന്‍റെ പേര് ഒഴിവാക്കി.

കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കൽ ഐപ്പ് ചാണ്ടിയുടെയും കൈതയിൽ അച്ചാമ്മ വർഗീസിന്‍റെയും മകനായി 1931 സെപ്റ്റംബർ 16 നാണ് എണ്ണയ്ക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇ.സി.ജി സുദർശന്‍റെ ജനനം. കോട്ടയം സി.എം.എസ് കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ഒരു വർഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ റസിഡന്‍റ് ട്യൂട്ടറായി. 

മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസർച്ചിൽ 1952 മുതൽ 1955 വരെ റിസർച്ച് അസിസ്റ്റന്‍റായി. 1957ൽ ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിൽ ടീച്ചിങ് അസിസ്റ്റന്റായിരിക്കെ 1958ൽ അവിടെ നിന്ന് പി.എച്ച്.ഡി നേടി. 1957–59കളിൽ ഹാർവാർഡ് സർവകലാശാലയിൽ അധ്യാപകനായിരുന്ന സുദർശൻ 1959ൽ റോച്ചസ്റ്റർ സർവകലാശാലയിലേക്ക് തിരിച്ചു പോയി. 

സ്വിറ്റ്സർലൻഡ് ബേണിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രഫസർ (1963), സിറാക്കുസ് പ്രോഗ്രാം ഇൻ എലിമെന്‍ററി പാർട്ടിക്കിൾസിൽ ഡയറക്ടർ, പ്രഫസർ പദവികൾ (1964), ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ പ്രഫസർ (1969 മുതൽ). ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (1973-84), ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ഡയറക്ടർ (1984-90) എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചപ്പോൾ പ്രസിഡന്‍റായും സേവനം ചെയ്തു. 

നിലവിൽ ടെക്സസ് സർവകലാശാലയിൽ പ്രഫസർ ആയിരുന്നു. 1976ൽ പത്മഭൂഷൺ, 2007ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ സി.വി രാമർ പുരസ്കാരം (1970), ബോസ് മെഡൽ (1977), ട്വാസ് പ്രൈസ് (1985), മജോരന പ്രൈസ് (2006), ഐ.സി.ടി.പി ഡിറാക് മെഡൽ (2010),കേരളാ ശാസ്ത്ര പുരസ്കാരം (2013) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാമതിയാണ് ഭാര്യ. മൂന്നു മക്കൾ.

Tags:    
News Summary - Indian Theoretical Physicist and Scientist ECG Sudarshan passes away -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.