ന്യൂഡൽഹി: ഇന്ത്യൻ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്നതിനിടെ കേന്ദ്ര സർക്കാറിനെതിരെ കടുത്ത വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കേന്ദ്ര സർക്കാറിന്റെ കുത്തക മാതൃകക്ക് നൽകേണ്ടി വന്ന വലിയ വിലയാണ് ഇൻഡിഗോയുടെ പരാജയത്തിലൂടെ കണ്ടതെന്ന് രാഹുൽ ‘എക്സ്’ പ്ലാറ്റ്ഫോമിലെ കുറിപ്പിൽ വിമർശിച്ചു. കാലതാമസം, അനിശ്ചിതത്വം, നിസ്സഹായത എന്നിവയക്ക് ഒരിക്കൽ കൂടി സാധാരണ ഇന്ത്യക്കാരൻ വലിയ വില നൽകേണ്ടി വന്നിരിക്കുന്നു. അവരുടെ നഷ്ടങ്ങൾക്ക് ആര് വിലനൽകും. കുത്തകകളല്ല, മറിച്ച് എല്ലാ മേഖലകളിലും ന്യായമായ മത്സരമുള്ള സംവിധാന രാജ്യം അർഹിക്കുന്നു -രാഹുൽ കുറിച്ചു.
എല്ലാ മേഖലകളിലെയും കുത്തക വൽകരണത്തെ വിമർശിച്ചുകൊണ്ട് ഒരു വർഷം മുമ്പ് രാഹുൽ ഗാന്ധി ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ഇന്ത്യൻ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയ ഇൻഡിഗോ എയർലൈൻസ് പ്രശ്നത്തെ രാഹുൽ ഗാന്ധി വിമർശിച്ചത്.
വ്യോമയാന മന്ത്രാലയത്തിന്റെ ക്രൂ-ഡ്യൂട്ടി ചട്ടം നടപ്പിലാക്കി തുടങ്ങിയതിനു പിന്നാലെ ഇൻഡിഗോ വിമാനങ്ങൾ കൂട്ടമായാണ് റദ്ദാക്കുന്നത്. ഇതു കാരണം നൂറുകണക്കിന് സർവീസുകളാണ് വെള്ളിയാഴ്ച ഇതുവരെയും റദ്ദാക്കിയത്. മുംബൈ, ന്യൂഡൽഹി, ചെന്നൈ,ബംഗളൂരു, ഹൈദരാബാദ് മുതൽ കേരളത്തിലേത് ഉൾപ്പെടെ വിമാനത്താവളങ്ങളിൽ പതിനായിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. വ്യാഴാഴ്ച മാത്രം 550 വിമാനങ്ങൾ മുടങ്ങി. വെള്ളിയാഴ്ച രാവിലെ മാത്രം വിവിധ വിമാനത്താവളങ്ങളിൽ400ൽ ഏറെ വിമാന സർവീസുകളും മുടങ്ങി.
കേന്ദ്ര സർക്കാറിന്റെ വാണിജ്യ നയങ്ങളെ രൂക്ഷമായി വിമർശിക്കുന്ന ലേഖനമാണ് രാഹുൽ പോസ്റ്റിനൊപ്പം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.