ബംഗളൂരു: ഇൻഡിഗോ വിമാനസർവിസുകൾ വൈകുകയും പിന്നീട് റദ്ദാക്കപ്പെടുകയും ചെയ്തതോടെ വിവാഹ റിസപ്ഷൻ പരിപാടി ഓൺലൈനിൽ വെർച്വലായി നടത്തി ടെക്കി ദമ്പതികൾ.ബംഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ഹുബ്ബള്ളിയിലെ മേധ ക്ഷീർസാഗറിന്റെയും ഒഡിഷ ഭുവനേശ്വറിലെ സംഗമ ദാസിന്റെയും വിവാഹ റിസപ്ഷൻ ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ നടക്കാനിരിക്കുകയായിരുന്നു.നവംബർ 23 ന് ഭുവനേശ്വറിൽവെച്ച് ദമ്പതികൾ വിവാഹിതരായിരുന്നു. തുടർന്ന് ബുധനാഴ്ച വധുവിന്റെ ജന്മനാട്ടിൽ ഔപചാരികമായ ഒരു വിവാഹസൽക്കാരം സംഘടിപ്പിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിൽ പൈലറ്റില്ലെന്ന കാരണത്താൽ ഇൻഡിഗോ വിമാനസർവിസ് റദ്ദാക്കപ്പെട്ടതിനാൽ പരിപാടി വ്യത്യസ്ത രീതിയിലാക്കുകയായിരുന്നു.
ഡിസംബർ രണ്ടിന് ഭുവനേശ്വറിൽനിന്ന് ബംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന വധൂവരന്മാർ, ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ പിറ്റേന്ന് പുലർച്ചെ വരെ വിമാനത്താവളത്തിൽ കുടുങ്ങി.ഡിസംബർ മൂന്നിന് വിമാനം റദ്ദാക്കി. ഭുവനേശ്വർ-മുംബൈ-ഹുബ്ബള്ളി വഴി യാത്ര ചെയ്യേണ്ട നിരവധി ബന്ധുക്കൾക്കും പ്രയാസം നേരിട്ടു. ചടങ്ങ് നടക്കേണ്ട സ്ഥലത്ത് അതിഥികളും തയാറെടുപ്പുകളും പൂർത്തിയായതിനാൽ വധുവിന്റെ മാതാപിതാക്കൾ ആചാരങ്ങൾ നിർവഹിക്കുകയായിരുന്നു. ഭുവനേശ്വറിലെ ചടങ്ങിനായി വിവാഹ വസ്ത്രം ധരിച്ച വധൂവരന്മാർ വിഡിയോ കോൺഫറൻസിങ്ങിലൂടെ സ്വീകരണത്തിൽ പങ്കുചേർന്നു.
രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിൽനിന്നും ഇൻഡിഗോ വിമാനസർവിസ് റദ്ദാക്കപ്പെടുകയാണ്. കേന്ദ്രസർക്കാർ നിയമം നടപ്പാക്കുന്നു എന്നപേരിൽ മുഴുവൻ വിമാനയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നതാണ് നിലപാട്. വിദേശ രാജ്യങ്ങളിലേക്കടക്കം വിവിധ ആവശ്യങ്ങൾക്കായി യാത്രചെയ്യുന്ന യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നത്. വിമാനത്താവളങ്ങളിൽ ഇൻഡിഗോ ഓഫിസിനുനേരെയും ജീവനക്കാർക്കുനേരെയും അസഭ്യവർഷവുമായി ജനം കൈയേറ്റം തുടരുകയാണ്. 32 മണിക്കൂർ വിശ്രമസമയത്തിൽ നിന്ന് 48 മണിക്കൂറാക്കി ഉയർത്തിയതാണ് ഇതിനു കാരണമായി ഇൻഡിഗോ പറയുന്നത്. പൈലറ്റുമാരുടെയും ക്രൂമെംബർമാരുടെയും കുറവുമൂലമാണ് വിമാനം പറത്താത്തതെന്ന് ഇൻഡിഗോ വക്താക്കൾ പറയുന്നു. ചരിത്രത്തിൽതന്നെ ആദ്യമായാണ് വ്യോമയാന മേഖലയിൽ ഇത്തരത്തിലൊരു പ്രതിസന്ധിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.