ന്യൂഡൽഹി: ഇന്ത്യൻ റയിൽവേയുടെ പഴയ ഡീസൽ എഞ്ചിനുകൾ നന്നാക്കി ആഫ്രിക്കൻ രാജ്യങ്ങൾക്കയക്കുന്ന പദ്ധതി റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കമ്പനിയായ റെയിൽവേ ടെക്നിക്കൽ ആന്റ് ഇക്കണോമിക് സർവിസ് (റൈറ്റ്സ്) തുടങ്ങി.
അതിനായി സാമ്പത്തിക സഹായത്തിന് ഇവർ ബാങ്കുകളെ സമീപിക്കുന്നു. അതതു രാജ്യങ്ങളിലെ ബാങ്കുകളുമായും ഇടപാടുകാരുമായും റൈറ്റ്സ് ചർച്ചകൾ തുടങ്ങി.
നാരോഗേജ് ട്രാക്കുകളുളള 12 ആഫ്രിക്കൻ രാജ്യങ്ങളെയാണ് ആദ്യം റെയിൽവേ കമ്പനി കണ്ടെത്തിയതെന്ന് റൈറ്റ്സ് മാനേജിങ് ഡയറക്ടർ രാഹുൽ മിത്തൽ പറയുന്നു. എന്നാൽ ഈ രാജ്യങ്ങൾക്ക് മുടക്കാൻ പണമില്ലാത്ത അവസ്ഥയാണ്. മൊസാമ്പിക്കിലേക്ക് ആദ്യ ഘട്ടമായി രണ്ട് എഞ്ചിനുകൾ കയറ്റിയയച്ചുകഴിഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തി അവർക്കാവശ്യമുള്ള രീതിയിൽ എഞ്ചിനുകളിൽ മാറ്റം വരുത്താനായി ഒരു വിദഗ്ധ സംഘത്തെ റെയിൽവേ നിയമിച്ചു. നലവിലുള്ള എഞ്ചിനുകൾ നാരോഗേജിലേക്ക് മാറ്റുന്നതിന് തടസ്സമില്ല. ഇന്ത്യയിൽ എല്ലായിടത്തും ബ്രോഡ്ഗേജ് ആയിക്കഴിഞ്ഞു. എന്നാൽ പഴയ എഞ്ചിനുകൾ നാരോഗേജിലേക്ക് മാറ്റി ഇനിയും പത്തുവർഷം വരെ ഉപയോഗിക്കാൻ കഴിയും.
‘ഞങ്ങളുടെ സ്പെഷൽ സെൽ ബാങ്കുകളുമായും ഇടനിലക്കാരുമായും ചർച്ചകൾ തുടങ്ങി. ഇവിടത്തെ ബാങ്കുമായും കൊമേഴ്സ്യൽ ഫണ്ട് കണ്ടെത്താനായും ചർച്ച നടത്തുന്നു’-മിത്തൽ പറയുന്നു.
10 എഞ്ചിനുകൾ കമ്മീഷൻ ചെയ്ത് നാരോഗേജിലേക്ക് മാറ്റാനായി 160 കോടിയുടെ കരാർ ദക്ഷിണാഫ്രിക്കയിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. ഗേജ് മാറ്റത്തിനുള്ള ഡിസൈൻ തയ്യാറാക്കി ജോലി തുടങ്ങിയതായും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള എഞ്ചിനുകൾക്ക് പുതിയതിന്റെ 60 ശതമാനം ചെലവ് മാത്രമേ വരുകയുള്ളൂ. 2026 നകം 10 എഞ്ചിനുകൾ അയക്കാനുള്ള നീക്കമാണ് നടക്കുന്നത്.
യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും മിത്തൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.