നാവികസേനയുടെ ഐ.എൻ.എസ് മാഹി അന്തർവാഹിനി പ്രതിരോധ കപ്പൽ മുംബൈ നേവൽ ഡോക്‍യാഡിൽ നടന്ന നീറ്റിലിറക്കൽ ചടങ്ങിൽ
മുംബൈ: നാവികസേനക്കുവേണ്ടി കൊച്ചിൻ ഷിപ്‍യാഡിൽ നിർമിച്ച അത്യാധുനിക അന്തർവാഹിനി പ്രതിരോധ കപ്പൽ ഐ.എൻ.എസ് മാഹി നീറ്റിലിറക്കി. മുംബൈയിൽ നടന്ന ചടങ്ങിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുഖ്യാതിഥിയായി. പുതുതലമുറയിൽപെട്ട ഐ.എൻ.എസ് മാഹി വേഗത്തിലും കരുത്തിലും മുന്നിലാണ്.
കൂടാതെ ആഴം കുറഞ്ഞ ഭാഗങ്ങളിലെ നീക്കങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിർമാണം. കളരിപ്പയറ്റിന് ഉപയോഗിക്കുന്ന ഉറുമിയാണ് കപ്പലിന്റെ ചിഹ്നം. ഇത് ചടുലത, കൃത്യത തുടങ്ങിയവയെ അടയാളപ്പെടുത്തുന്നു. രാജ്യത്തിന്റെ സമുദ്ര ആധിപത്യം ഉറപ്പാക്കാനും തീരദേശ സുരക്ഷ ശക്തിപ്പെടുത്താനും ഐ.എൻ.എസ് മാഹി നീറ്റിലിറക്കുന്നതോടെ സാധിക്കുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. നാവിക സേനക്കായി കൊച്ചി കപ്പൽനിർമാണശാല നിർമിക്കുന്ന എട്ട് അന്തർവാഹിനി പ്രതിരോധകപ്പലുകളിൽ ആദ്യത്തേതാണ് ഐ.എൻ.എസ് മാഹി.
വെള്ളത്തിനടിയിലെ അത്യാധുനിക സെൻസറുകൾ, റോക്കറ്റുകൾ, നൂതന ആയുധങ്ങൾ, ടോർപ്പിഡോകൾ, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നതിലൂടെ തീരദേശ ഭീഷണി കണ്ടെത്താനും നിർവീര്യമാക്കാനും കഴിയും. ഒക്ടോബർ 23നാണ് കൊച്ചിൻ ഷിപ്‍യാഡ് ഐ.എൻ.എസ് മാഹി നാവികസേനക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.