ന്യൂഡൽഹി: തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു യുക്രെയ്ൻ അതിർത്തിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ റഷ്യൻ സേനയിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ബിനിലിന്റെ മരണം സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം, മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമം നടത്തുകയാണെന്ന് അറിയിച്ചു. ഇതിനായി റഷ്യൻ അധികൃതരുമായി സമ്പർക്കത്തിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ബിനിലിന്റെ ബന്ധു കൂടിയായ, പരിക്കേറ്റ ജെയിൻ കുര്യനെ മോസ്കോ ആശുപത്രിയിൽനിന്ന് നാട്ടിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ന്യൂഡൽഹിയിലെ റഷ്യൻ എംബസിയുമായും റഷ്യൻ ഭരണകൂടവുമായും ബന്ധപ്പെട്ടാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണം ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത് കോളശ്ശേരിയും അറിയിച്ചു. റഷ്യൻ സേനയെ സഹായിക്കാനുള്ള പാചകക്കാരും സഹായികളുമെന്ന നിലയിലാണ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ഇവരെ നിർബന്ധിച്ച് യുദ്ധമുഖത്തിറക്കുകയാണെന്നാണ് ആരോപണം. ബിനിലിന്റെ മരണത്തോടെ ഔദ്യോഗിക കണക്ക് പ്രകാരം റഷ്യ - യുക്രെയ്ൻ യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പത്തായി. തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട് ചെയ്ത് നിർബന്ധിത സൈനികസേവനം ചെയ്യിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുമ്പോൾ റഷ്യൻസേനയിൽ ‘സ്വയം സന്നദ്ധരായി’ കരാർ സൈനിക സേവനം നടത്തുന്നവരാണ് ഇവരെന്നാണ് ന്യൂഡൽഹിയിലെ റഷ്യൻ എംബസിയുടെ അവകാശവാദം.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം നൽകിയ കണക്ക് പ്രകാരം 85 ഇന്ത്യക്കാരെയാണ് റഷ്യൻ സേന വിട്ടയച്ചത്. 20 പേരെ കൂടി വിട്ടയപ്പിക്കാനുള്ള നീക്കത്തിലാണെന്ന് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ രണ്ട് കൂടിക്കാഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും അവശേഷിക്കുന്നവരെ പൂർണമായും തിരിച്ചയക്കാൻ റഷ്യ തയാറായില്ല. റഷ്യയിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത 19 പേർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ ചിലർ അറസ്റ്റിലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.