'ഇന്ത്യൻ നീതിന്യായ വ്യവസ്ഥ പ്രതിപക്ഷത്തിന്‍റെ ചുമതല നിർവഹിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നു'; വിമർശനവുമായി നിയമമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: സുപ്രീംകോടതിയും കേന്ദ്ര സർക്കാറും തമ്മിൽ ജഡ്ജി നിയമനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കെ, വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. നീതിന്യായ വ്യവസ്ഥ പ്രതിപക്ഷത്തിന്‍റെ ചുമതല നിർവഹിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ത്യൻ നീതിന്യായ വ്യവസ്ഥ പ്രതിപക്ഷത്തിന്‍റെ ചുമതല നിർവഹിക്കണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. നീതിന്യായ വ്യവസ്ഥക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണിത്. പ്രതിപക്ഷത്തിന്‍റെ റോൾ വഹിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ ഇന്ത്യൻ ജുഡീഷ്യറി തന്നെ എതിർക്കുമെന്നാണ് ഞാൻ പറയുന്നത്. അങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ല' -മന്ത്രി പറഞ്ഞു.

സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ അർഥമാക്കുന്നത് സർക്കാർ വിരുദ്ധമെന്ന് അല്ല. തീർത്തും എക്സിക്യൂട്ടീവ് സ്വഭാവമുള്ള ചില കാര്യങ്ങൾ ജുഡീഷ്യറി ഏറ്റെടുക്കണമെന്ന് ഒരു പ്രത്യേക സംഘം ആഗ്രഹിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. 'ഇന്ത്യൻ ജുഡീഷ്യറിയെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണോ എന്ന വിഷയത്തിൽ ഒരു പ്രത്യേക മാനസികാവസ്ഥയുള്ള സംഘം സെമിനാർ സംഘടിപ്പിച്ചത് ശ്രദ്ധയിൽപെട്ടു. ഈ സർക്കാർ ജുഡീഷ്യറിയിൽ ഇടപെട്ട ഏതെങ്കിലുമൊരു സാഹചര്യം നിങ്ങൾക്ക് പറയാമോ. അങ്ങനെ ഒരിക്കലും സംഭവിക്കില്ല.

സമൂഹമാധ്യമങ്ങളിൽ ജഡ്ജിമാരെ പേരെടുത്ത് വിമർശിക്കുന്നത് ശ്രദ്ധയിൽ പെടുന്നുണ്ടെന്നും അത്തരം പ്രവണതകൾ നിയമവ്യവസ്ഥക്ക് നല്ലതല്ലെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.